Kerala

കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന് സര്‍ക്കാര്‍ തയാറായാല്‍ ഒപ്പം നില്‍ക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

Spread the love

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനില്‍ക്കണമെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ വിഹിതം കേന്ദ്രം തന്നേ പറ്റൂവെന്നും അതിന് സര്‍വകക്ഷികളും ഒന്നിച്ചുനില്‍ക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഞങ്ങള്‍ തയാറാണ്. സംസ്ഥാനത്തെ ഗവര്‍ണറും അന്തസ്സ് പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പച്ചയ്ക്ക് രാഷ്ട്രീയം പറയുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

ഗവര്‍ണറെ എല്ലാ കാര്യത്തിലും പ്രതിപക്ഷം അനുകൂലിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു. പദവി നോക്കാതെ പലതും വിളിച്ചുപറയുന്നതും ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്നതും പച്ചയ്ക്ക് രാഷ്ട്രീയം പറയുന്നതും ശരിയാണോ എന്ന് ആലോചിക്കണം. ഗവര്‍ണര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

കേന്ദ്രം കേരളത്തിന് ഫണ്ട് നല്‍കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രനീക്കത്തിനെതിരെ യോജിച്ച നീക്കത്തിന് സര്‍ക്കാര്‍ തയാറായാല്‍ പ്രതിപക്ഷം അതിനെ പിന്തുണയ്ക്കും. കേരളത്തിന് അര്‍ഹതപ്പെട്ടത് കിട്ടാതിരുന്നാല്‍ ജനങ്ങളാണ് അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുക. കേന്ദ്രനയത്തിനെതിരെ പ്രതിപക്ഷത്തേയും കൂട്ടി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.