Wednesday, May 15, 2024
Latest:
Kerala

അടുത്ത 10 വർഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണം; രാഹുൽ ഗാന്ധി

Spread the love

എല്ലായിടത്തും വനിതകളുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നും അടുത്ത പത്ത് വർഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണമെന്നും കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി. ഇപ്പോഴും സ്ത്രീകൾ പലയിടത്തും വിവേചനം നേരിടുകയാണ്. സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രയത്നം ഉണ്ടാകണം. സ്ത്രീകൾ പുരുഷന്മാരേക്കാൾ മെച്ചപ്പെട്ടവർ ആണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിവുള്ള വനിതകൾ ഭരണ സംവിധാനങ്ങളിലേക്ക് എത്തണം. എന്നാൽ ആർഎസ്എസിന്റെ അഭിപ്രായം അങ്ങനെയല്ല. അതു പൂർണമായും പുരുഷ കേന്ദ്രീകൃതമാണെന്ന് പറയേണ്ടി വരും. സ്ത്രീ എന്ത് ധരിക്കണം, എന്ത് പറയണം, എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കുന്നത് സ്ത്രീകൾ തന്നെയാണ്. ആർഎസ്എസും കോൺഗ്രസും തമ്മിൽ വ്യത്യാസമുണ്ട്. സ്ത്രീകളെ അധികാരത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സന്ദർശനത്തിന്റെ ഭാ​ഗമായി രാഹുൽ ഗാന്ധി നിർമാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ പി വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. രാഹുൽ ഗാന്ധി ഉദ്ഘാടനം നടത്താനിരുന്ന പിഎംജിഎസ് വൈ റോഡുകളാണ് അൻവർ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാർ അറിയാതെയാണ് രാഹുൽ ഗാന്ധി റോഡ് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങിയതെന്നായിരുന്നു പി വി അൻവർ എം എൽ എ യുടെ വിമർശനം. എം എൽ എയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺ​ഗ്രസ് ആരോപിക്കുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 25 കോടി വകയിരുത്തി നവീകരിക്കാനിരിക്കുന്ന റോഡുകളുടെ നിർമ്മാണോദ്‌ഘാടനമാണ് പി വി അൻവർ എം എൽ എ നടത്തിയത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം നവീകരിക്കുന്ന റോഡുകളുടെ ഉദ്‌ഘാടനത്തിനായി രാഹുൽ ഗാന്ധി എം പി മണ്ഡലത്തിൽ എത്തിയതിന് തൊട്ട് മുൻപായിരുന്നു എം എൽ എയുടെ ഉദ്ഘാടനം. നിലമ്പൂരിൽ നവകേരള സദസ് നടക്കാനിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് കോണ്ഗ്രസ് രാഹുൽ ഗാന്ധിയെ രംഗത്ത് ഇറക്കിയതെന്ന് പി വി അൻവർ എംഎൽഎ വിമർശിച്ചു.

എം പി ഉദ്ഘാടനം ചെയ്യുമ്പോൾ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന സ്ഥലം എംഎൽഎ രാഷ്ട്രീയ പാപ്പരത്തം കാണിച്ചെന്നായിരുന്നു കോണ്ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.