National

പോക്കറ്റ് മണി നൽകുന്നില്ല; വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16 കാരൻ, അറസ്റ്റിൽ

Spread the love

ഉത്തർപ്രദേശിൽ വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16 കാരൻ. വ്യവസായി മുഹമ്മദ് നയീം (50) ആണ് മരിച്ചത്. ആവശ്യത്തിന് പോക്കറ്റ് മണി നൽകാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്. മകനെയും മൂന്ന് ഷൂട്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് മുഹമ്മദ് നയീം കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച പ്രതികളായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പിതാവിനെ കൊല്ലാൻ നയീമിൻ്റെ മകനാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ.

“നയീമിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് മകനാണ്. ആറ് ലക്ഷം രൂപയാണ് മകൻ വാഗ്ദാനം ചെയ്തത്. ഇതിൽ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി. ബാക്കി പിതാവിനെ കൊന്ന ശേഷം നൽകാമെന്ന് പറഞ്ഞു”- പ്രതികളിൽ ഒരാൾ മൊഴി നൽകി. പിന്നാലെ മകനെയും കസ്റ്റഡിയിലെടുത്തു. നയീം മകന് പോക്കറ്റ് മണി നൽകിയിരുന്നില്ല. ഇതിൽ കുട്ടിക്ക് പിതാവിനോട് ദേഷ്യമുണ്ടായിരുന്നതായി പൊലീസ്.