National

ഇസ്രയേൽ-ഹമാസ് യുദ്ധം; പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോൺഗ്രസ്

Spread the love

ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്കു പലസ്തീൻ ജനതയ്ക്കുള്ള അവകാശങ്ങൾക്ക് എക്കാലവും കോൺഗ്രസ് നൽകിയ പിന്തുണ ആവർത്തിക്കുകയാണെന്ന് പ്രമേയം. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്ന് പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ശനിയാഴ്ച ഇസ്രായേലിന് നേരെ നടന്ന ആക്രമണങ്ങളെ പാർട്ടി അപലപിച്ചതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അക്രമം ഒരിക്കലും ഒരു പരിഹാരവും നൽകുന്നില്ലെന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രസ്താന.

ഇസ്രയേലികളുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം പലസ്തീനിലെ ജനങ്ങളുടെ ന്യായമായ അഭിലാഷങ്ങൾ ചർച്ചയിലൂടെ നിറവേറ്റണമെന്ന് പാർട്ടി എപ്പോഴും വിശ്വസിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഞായറാഴ്ച പറഞ്ഞിരുന്നു. “ഇസ്രയേൽ ജനതയ്‌ക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിക്കുന്നു” എന്ന് അദ്ദേഹം എക്‌സിൽ കരുറിച്ചിരുന്നു.

ചർച്ചയിലൂടെ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ആഹ്വാനം ചെയ്ത റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ അതേ സമീപനം ഇന്ത്യൻ സർക്കാരിനും ഉണ്ടാകേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് റാഷിദ് അൽവി പറഞ്ഞു. വിഷയത്തിൽ രാജ്യത്തിന്റെ വീക്ഷണം നിലനിർത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബിജെപി നേതാവ് രാജ്യവർധൻ സിംഗ് റാത്തോഡ് കോൺഗ്രസ് പ്രമേയത്തിനെതിരെ പ്രതികരിച്ചു. രാജ്യത്തിന്റെ ആശയങ്ങളിൽ നിന്ന് മാറി സ്വന്തം കാര്യം നൽകാൻ ശ്രമിക്കുന്നതാണ് കോൺഗ്രസിന്റെ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.