National

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ: 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Spread the love

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 36 ലക്ഷം രൂപയോളം പാരിതോഷികമായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നും അധികൃതർ.

ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെലങ്കാനയിൽ നിന്ന് ചില നക്സലൈറ്റുകൾ പ്രൺഹിത നദി കടന്ന് ഗഡ്ചിരോളിയിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗഡ്ചിരോളി പൊലീസിൻ്റെ സ്‌പെഷ്യൽ കോംബാറ്റ് യൂണിറ്റ് സി-60, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൻ്റെ ക്വിക്ക് ആക്ഷൻ ടീമും സംയുക്തമായി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു.

റേപ്പൻപള്ളിക്കടുത്തുള്ള കൊളമർക മലനിരകളിൽ സി-60 യൂണിറ്റ് സംഘങ്ങളിലൊന്ന് തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു. വെടിവയ്പ്പ് അവസാനിച്ചതിന് ശേഷം പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് നാല് നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.