Kerala

‘മുഖ്യമന്ത്രി മറുപടി നൽകണം; പിവിക്കും മകൾക്കും കോടികൾ ലഭിച്ചു’; മാത്യു കുഴൽനാടൻ

Spread the love

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ. ഏറ്റെടുക്കാമായിരുന്ന സ്ഥലവും ലീസും റദ്ദാക്കാതിരുന്നതിനാണ് സിഎംആർഎല്ലിന്റെ മാസപ്പടിയെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. ഇതുവരെ പറഞ്ഞതിന് കൂടുതൽ വ്യക്തത വരുന്നെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പിവിക്കും മകൾക്കും കോടികൾ ലഭിച്ചെന്നും മുഖ്യമന്ത്രി മറുപടി നൽകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

എല്ലാ സ്വകാര്യ ലീസും റദ്ദാക്കാൻ കേന്ദ്രം നിർദേശിച്ചെന്നും കേന്ദ്രം ഇളവ് നൽകുമെന്ന് പ്രതീക്ഷിച്ചാണ് ലീസ് റദ്ദാക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി രാജീവിന്റെ വാദം തെറ്റെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. സിഎംആർഎൽ വിഷയം ചർച്ച ചെയ്യാനല്ല യോഗം വിളിച്ചത് എന്ന പി രാജീവിന്റെ വാദം തെറ്റാണെന്നും രേഖകൾ പുറത്തുവിടാൻ മാത്യു കുഴൽനാടൻ വെല്ലുവിളിക്കുകയും ചെയ്തു.

അതേസമയം മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട സിഎംആർഎല്ലിന്റെ കരിമണൽ ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബറിൽ എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുന്നിരുന്നു. മാസപ്പടി വിവാദത്തിന് ശേഷമാണ് കരാർ റദ്ദാക്കിയത്. 2019 ലെ കേന്ദ്ര നിയമപ്രകാരം തന്നെ കരാർ റദ്ദാക്കാമായിരുന്നു. എന്നാൽ കരാർ റദ്ദാക്കിയത് 2023 ഡിസംബർ 18 ന്. 2023 ഓഗസ്റ്റ് മാസത്തിലാൽ മാസപ്പടി വിവാദം സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്. വിവാദം ആളിക്കത്തിയ ശേഷമാണ് സംസ്ഥാനം ഖനനാനുമതി റദ്ദാക്കിയത്.