National

‘ഇന്ത്യൻ ജുഡീഷ്യറി നീതി ഉറപ്പാക്കി’; അയോധ്യ വിധിക്ക് നന്ദി പറഞ്ഞ് മോദി

Spread the love

ഇന്ത്യൻ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി ലഭ്യമാക്കിയതിന് ജുഡീഷ്യറിയോടുള്ള നന്ദി അറിയിക്കുന്നതായും മോദി. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭരണഘടന നിലവിൽ വന്നതിന് ശേഷവും രാമന്റെ അസ്തിത്വത്തിന് വേണ്ടി പതിറ്റാണ്ടുകളായി നിയമയുദ്ധം നടന്നു. നീതി നടപ്പാക്കുകയും രാമക്ഷേത്രം നിയമാനുസൃതമായി നിർമ്മിക്കാൻ അനുവദിക്കുകയും ചെയ്ത ജുഡീഷ്യറിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു…”- പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം, രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തില്‍ നിന്ന് താൻ വിറയ്ക്കുകയാണ്. ജനുവരി 22, 2024, കേവലം ഒരു തീയതിയല്ല, ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും മോദി പ്രഖ്യാപിച്ചു.

അന്നത്തെ ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ച് 2019 നവംബർ ഒന്‍പതിനായിരുന്നു സുപ്രധാന വിധി പ്രസ്താവിച്ചത്. ഗഗോയെ കൂടാതെ ഇന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, എസ്.എ ബോബ്‌ഡെ, മുൻ ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരും ഉണ്ടായിരുന്നു. അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ് ഇതിന്റെ ചുമതലയെന്നുമായിരുന്നു സുപ്രീം കോടതി വിധി. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു തര്‍ക്കഭൂമിക്കു പുറത്ത് അ‍ഞ്ചേക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു.

രചയിതാവിന്റെ പേരില്ലാത്ത ഭരണഘടനാ ബെഞ്ചിന്റെ ആദ്യ വിധികൂടിയായിരുന്നു ഇത്. 2019 ഓഗസ്റ്റ് ആറിനായിരുന്നു സുപ്രീംകോടതി കേസിലെ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഒക്ടോബർ 17 ആയിരുന്നു വിധിപ്രസ്താവത്തിനായി ആദ്യം തിരഞ്ഞെടുത്ത തീയതി. പക്ഷേ, 23 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിധി പ്രസ്താവിച്ചത്.