National

ന്യൂസ് ക്ലിക്കിനെതിരായ നടപടി; മാധ്യമപ്രവർത്തകരുടെ പ്രതിഷേധ മാർച്ചിന് അനുമതിയില്ല

Spread the love

ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്റെ നടപടിയിൽ മാധ്യമ സംഘടനകൾ ഇന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. ഇതിനിടെ ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിൽ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത നടപടിയിൽ സുപ്രിം കോടതി ഇടപെടൽ തേടി മാധ്യമപ്രവർത്തകർ ചീഫ് ജസ്റ്റിസിന് കത്തയച്ചു. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിലെ ആവശ്യം. വിഷയത്തിൽ സുപ്രിം കോടതി ഇടപെടണമെന്നാണ് മാധ്യമ പ്രവർത്തകർ മുന്നോട്ട് വെക്കുന്ന ആവശ്യം.

അതേസമയം ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണ പരിധിയിൽ പ്രതിപക്ഷ രാഷ്ട്രിയ പാർട്ടി നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇടത് – കോൺഗ്രസ് നേതാക്കൾക്കെതിരായാണ് വിവര ശേഖരണമെന്നാണ് വിവരം. വിദേശ വ്യവസായ നെവില്‍ റോയ് സിംഘവുമായി രാഷ്ട്രിയ നേതാക്കൾ നടത്തിയ ഇ-മെയില്‍ ആശയവിനിമയം അടക്കം അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ന്യൂയോര്‍ക്ക് ടൈംസ് ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ വസ്തുതകൾ ഡൽഹി പൊലിസ് പരിശോധിച്ചു വരികയാണ്.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായ നിലപാട് രൂപപ്പെടുത്താൻ രാഷ്ട്രിയ നേതാക്കളും സന്നദ്ധ പ്രപർത്തകരും പണം കൈപറ്റിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ നിഗമനം. കള്ളപ്പണ നിരോധന നിയമപ്രകാരം ന്യൂസ് ക്ലിക്കിന്റെ 4.52 കോടി രൂപയുടെ വസ്തുവകകള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നതായും ഡൽഹി പൊലീസ് പറയുന്നു.