National

അമൃത, കാഞ്ചന, സാക്ഷി, പെൺമക്കളെ കാണാനില്ല, പെട്ടി തുറന്ന പൊലീസ് ഞെട്ടി, മൃതദേഹം; വായിലെ നുര നിർണായക തെളിവായി

Spread the love

ചണ്ഡീഗഡ്: കാണാതായ 3 പെൺമക്കളുടെ മൃതശരീരം സ്വന്തം വീട്ടിൽ നിന്ന് ഇരുമ്പ് പെട്ടിയിലടച്ച നിലയിൽ കണ്ടെത്തി. രാജ്യത്തെയാകെ നടുക്കുന്ന വാർത്ത പഞ്ചാബിലെ ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിൽ നിന്നാണ് പുറത്തുവന്നത്. ഇന്നലെ മുതൽ സഹോദരിമാരായ അമൃത, കാഞ്ചന, ശക്തി എന്നിവരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വാടകക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. വീട്ടുടമയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാടകക്ക് താമസിച്ചവരുടെ ക്രൂരത വെളിച്ചത്തുവന്നത്.

പെൺകുട്ടികളെ അന്വേഷിച്ചെത്തിയ പൊലീസ് വീട്ടിൽ നടത്തിയ തെരച്ചിലിലാണ് വീടിനകത്തെ ഇരുമ്പ് പെട്ടിയിൽ നിന്നും ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളുടെ വായിൽ നിന്നും വന്നിരുന്ന നുരയാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. വിഷം കഴിച്ചുള്ള മരണമാണെന്ന് പൊലീസ് വേഗം തന്നെ തിരിച്ചറിഞ്ഞു. ഇത് സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് വീട്ടുകാരാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. സ്ഥിരം മദ്യപാനിയായ അച്ഛൻ സുശീൽ മണ്ഡ‍ലാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് ചോദ്യം ചെയ്യലിൽ ദാരിദ്ര്യം കാരണം കൊലപാതകം നടത്തിയതെന്നാണ് വീട്ടുകാർ നടത്തിയ കുറ്റസമ്മതം വിവരം. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കുട്ടികളുടെ അച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുശീൽ മണ്ഡലിന്റെ മക്കളായ അമൃത കുമാരി (9), സാക്ഷി (7), കാഞ്ചന (4) എന്നിവരെ കാണാനില്ലെന്ന പരാതി വീട്ടുടമ സുരീന്ദർ സിങ്ങാണ് പൊലീസിനെ അറിയിച്ചത്. വീട്ടുകാർ കുട്ടികളെ കാണാതായിട്ടും അന്വേഷണമൊന്നും നടത്താത്തതിൽ സംശയം തോന്നിയാണ് വീട്ടുടമസ്ഥൻ പൊലീസിനെ ബന്ധപ്പെട്ടത്. ഇന്നലെ വൈകുന്നേരം വരെ കുട്ടികളെ കാണാതായ വിവരം രക്ഷിതാക്കൾ തങ്ങളെ അറിയിച്ചില്ലെന്ന് ജലന്ധർ റൂറൽ എസ് പി മുഖ്വീന്ദർ സിംഗ് ഭുള്ളർ പറഞ്ഞു. വീട്ടുടമ സുരീന്ദർ സിങ്ങാണ് പൊലീസ് ഹെൽപ്പ് ലൈൻ നമ്പറായ 112 ലേക്ക് വിളിച്ച് പറഞ്ഞതെന്നും അദ്ദേഹം വിവരിച്ചു. മക്‌സുദാൻ പൊലീസ് രാത്രി 11 മണിയോടെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പുലർച്ചെ വീണ്ടും തിരച്ചിൽ നടത്തുമ്പോഴും രക്ഷിതാക്കൾക്ക് ആവലാതി ഇല്ലാത്തത് പൊലീസ് ശ്രദ്ധിച്ചു. അതിനിടയിലാണ് അകത്തെ മുറിയിൽ ഒളിപ്പിച്ച നിലയിൽ ഇരുമ്പുപെട്ടി ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ദാരിദ്ര്യം കാരണം കുട്ടികൾക്ക് ശരിയായി ഭക്ഷണം നൽകാൻ കഴിയാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് വീട്ടുകാർ പറഞ്ഞത്.വിളകൾക്ക് തളിക്കാൻ ഉപയോഗിക്കുന്ന കീടനാശിനി പാലിൽ ചേർത്ത് നൽകിയായിരുന്നു കൊലപാതകം. ഇവർക്ക് വേറെ രണ്ട് മക്കൾ കൂടിയുണ്ട്.