Kerala

സിപിഐഎം നേതാക്കള്‍ക്കെതിരായ ഒളിയമ്പ്; ഫേസ്ബുക്ക് കുറിപ്പിന് വിശദീകരണവുമായി കെ കെ ശിവരാമന്‍

Spread the love

മൂന്നാര്‍ ദൗത്യ സംഘത്തിനെതിരായ സിപിഐഎം നിലപാടിനെതിരെ ഫേസ്ബുക്കിലിട്ട കുറിപ്പിന് വിശദീകരണവുമായി കെ കെ ശിവരാമന്‍. ഏതെങ്കിലും ഒരു വ്യക്തിയെയല്ല വന്‍കിടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് കെ കെ ശിവരാമന്‍ പറഞ്ഞു. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നുവെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

എം എം മണി അടക്കമുള്ള സി പി ഐ എം നേതാക്കള്‍ക്ക് എതിരെയുള്ള ഒളിയമ്പായിരുന്നു സിപിഐ നേതാവ് കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാര്‍ ദൗത്യസംഘത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും എംഎം മണിയും രംഗത്തെത്തിയിരുന്നു. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നു എന്നു പറഞ്ഞാണ് കെ കെ ശിവരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഏതെങ്കിലും ഒരു വ്യക്തിയേയല്ല താന്‍ ഉദ്ദേശിച്ചതെന്നും ശിവരാമന്‍ വിശദീകരിച്ചു.

ചിന്നക്കനാല്‍ പഞ്ചായത്തില്‍ 100 കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് കൃഷി നടത്തുന്നവര്‍ കുടിയേറ്റക്കാരാകില്ല. അഞ്ചു സെന്റില്‍ താമസിക്കാന്‍ വേണ്ടി കയ്യേറ്റം നടത്തിയവരെ കുടിയിറക്കിയാല്‍ അത് വന്‍കിടക്കാരെ സഹായിക്കാന്‍ ആണെന്ന ധാരണ ഉണ്ടാക്കുമെന്നും ശിവരാമന്‍ പറഞ്ഞു. മൂന്നാറിലെ ഭൂവിഷയങ്ങളില്‍ സിപിഐ – സിപിഐഎം തര്‍ക്കം കാലങ്ങളായുള്ളതാണ്. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.