Kerala

കിഫ്‌ബി മസാല ബോണ്ട്‌ ഇറക്കിയതിൽ തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്ന് ഇ.ഡി; ഐസക്കിന്റെ മറുപടി തള്ളി

Spread the love

കിഫ്‌ബി മസാല ബോണ്ട്‌ കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന്റെ മറുപടി തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസക്കാണെന്നാണ് ഇഡി പറയുന്നത്. മസാല ബോണ്ട്‌ ഇറക്കിയതിൽ തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ട്. കിഫ്‌ബിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തോമസ് ഐസകിന് കഴിയില്ലെന്നും ഇഡി വ്യക്തമാക്കുന്നു. ഐസക് പങ്കെടുത്ത കിഫ്‌ബി ഡയക്ടർ ബോർഡ് യോഗത്തിന്റെ മിനിറ്റ്സും പുറത്ത് വന്നിട്ടുണ്ട്.

കിഫ്‌ബി മസാല ബോണ്ട്‌ കേസുമായി ബന്ധപ്പെട്ട് നാല് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചപ്പോഴും തോമസ് ഐസക് അസൗകര്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഇഡിക്ക് അയച്ച മറുപടിയിലെ വാദങ്ങളാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. കിഫ്ബിയുടെ മസാല ബോണ്ടിൽ മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണ് തീരുമാനമെടുത്തതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നൽകിയ മറുപടിയിൽ പറയുന്നു.

ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ലഭിച്ച രണ്ടാമത്തെ നോട്ടീസും തള്ളിയാണ് ദൂതൻവശം തോമസ് ഐസക് വിശദീകരണം എത്തിച്ചത്. ‘കിഫ്ബി രൂപവത്കരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്‍റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് ഒരു പ്രത്യേക അധികാരവും ഇല്ല’ എന്ന് ഏഴുപേജുള്ള മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കുന്നു.