Friday, December 13, 2024
Latest:
National

എല്‍ഐസി പ്രാഥമിക ഓഹരി വില്‍പന; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

Spread the love

എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പനയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഓഹരി വില്‍പന സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി. നിയമഭേദഗതി ചോദ്യം ചെയ്ത ഹര്‍ജി ധനബില്ലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും.

ഒരു ഓഹരിക്ക് 902 മുതല്‍ 949 രൂപ എന്ന പ്രൈസ് ബാന്‍ഡിലാണ് ഇനിഷ്യല്‍ പബ്ലിക് ഓഫര്‍. പോളിസി ഉടമകള്‍ക്ക് 60 രൂപയും, റീട്ടെയില്‍ നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും 40 രൂപ വീതവും ഓഹരി വിലയില്‍ ഡിസ്‌കൗണ്ട് നല്‍കും. ഇന്നാണ് എല്‍ഐസി ഓഹരി അലോട്ട്മെന്റ്. ഈ മാസം പതിനേഴിന് എല്‍ഐസി ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഇനിഷ്യല്‍ പബ്ലിക് ഓഫറിലൂടെ 22.13 കോടി ഓഹരികളാണ് എല്‍ഐസി വില്‍ക്കുന്നത്. 20,557.23 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

കമ്പനി മികച്ചതാണെങ്കില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഐപിഒ വഴി നിക്ഷേപകര്‍ക്ക് ഓഹരി സ്വന്തമാക്കാം. എല്‍ഐസി ഓഹരി വില്‍പന ദേശവിരുദ്ധ നീക്കമെന്ന് വിമര്‍ശിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. രാജ്യതാത്പര്യത്തിന് വിരുദ്ധമായി കുത്തകള്‍ക്കും സ്വകാര്യ മൂലധനത്തിനും എല്‍ഐസി തുറന്നുകൊടുക്കുന്നതില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിഷേധമറിയിച്ചു.