Kerala

ചുമതലകളിൽ നിന്ന് നീക്കി; ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ

Spread the love

ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി ഓർത്തഡോക്സ്‌ സഭ. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും ഫാ. ഷൈജു കുര്യനെ നീക്കി. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോ​ഗിച്ചു. ഓർത്തഡോക്സ്‌ സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ കമ്മീഷൻ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകുവാനും തീരുമാനമായി. ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം.

ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു.

ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികൾ പറഞ്ഞിരുന്നു. ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്.