Kerala

10 വയസുകാരിയായ മകളെ കൊന്ന കേസിൽ പ്രതി അച്ഛൻ മാത്രം; വൈഗ കൊലക്കേസിന്റെ വിധി നാളെ

Spread the love

കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി നാളെ. 10 വയസുകാരിയായ മകളെ കൊന്ന കേസിൽ അച്ഛൻ സനു മോഹൻ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസിൽ നാളെ വിധി പറയുന്നത്.3400 പേജുള്ള കുറ്റപത്രം ആണ് പോലീസ് സമർപ്പിച്ചത്. കേസിൽ 98 സാക്ഷികളെ വിസ്തരിച്ചു.

2021 മാര്‍ച്ച് 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനാണെന്ന് പറഞ്ഞ് മകള്‍ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹൻ കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് മുങ്ങി.

ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മാസത്തോളം ഒളിവില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പ്രതിയെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രതിക്കെതിരായ കുറ്റം നിസംശയം തെളിയിക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷൻ . പ്രതിക്ക് തൂക്കുകയർ ലഭിക്കുമോ എന്നാണ് പ്രോസിക്യൂഷൻ അടക്കം ഉറ്റു നോക്കുന്നത്.