Friday, May 17, 2024
Latest:
Kerala

ഗവർണർക്കെതിരെയുള്ള പ്രതിഷേധം; സുരക്ഷ വീഴ്ചയില്ല, എസ്എഫ്ഐക്കാ‍ർ അപ്രതീക്ഷിതമായി ചാടിയെന്ന് റിപ്പോർട്ട്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിൽ പൊലീസിന് ബോധപൂർവ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിജിപി. വാഹന വ്യൂഹം കടന്നു പോകാൻ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ജനകൂട്ടത്തിനുള്ളിൽ നിന്നും എസ്എഫ്ഐക്കാർ പൈലറ്റ് വാഹനത്തിന്റെ മുന്നിൽ വീഴുകയായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറിക്ക് ഡിജിപി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 7 പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്. കമ്മീഷണറോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും റൂട്ടിലുണ്ടായിരുന്ന കന്റോൺമെന്റ് അസിസ്റ്റൻറ് കമ്മിഷണർ, എസ്ഐ എന്നിവരിൽ നിന്നും വിശദീകരണം തേടിയെന്നും റിപ്പോർട്ടിലുണ്ട്. ഡിജിപിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി ഗവർണ്ണർ ആവശ്യപ്പെട്ട വിശദീകരണം നൽകുക.

ഗവര്‍ണര്‍ക്കെതിരെ ഇന്നലെ തിരുവനന്തപുരത്തും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. കോഴിക്കോട് നടന്ന പ്രതിഷേധത്തിന് പുറമെയാണിത്. കോഴിക്കോട്ട് നിന്ന് വിമാനമാ‍ർ​​ഗം തിരുവനന്തപുരത്തെത്തിയ ​ഗവ‍ർണ‍ർക്കാണ് തിരുവനന്തപുരത്തും എസ്എഫ്ഐയുടെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വന്നത്.

ബിജെപി നേതാക്കളുടെ നിർദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, താൻ പോയത് മുസ്ലിം ലീഗ് പ്രസിഡൻ്റിൻ്റെ മകൻ്റെ കല്യാണത്തിനാണ്. ഒരു സുരക്ഷാ പ്രശ്നവുമുണ്ടായിരുന്നില്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. കേരളത്തിൽ ബിജെപി ഒരു പ്രധാന ശക്തിയാണോ എന്ന് ചോദിച്ച ഗവർണർ, മാധ്യമങ്ങൾ ചോദ്യങ്ങൾ വഴിതിരിച്ചുവിടുന്നുവെന്നും വിമര്‍ശിച്ചു. കോഴിക്കോട്ടെ ജനങ്ങള്‍ കാണിച്ചത് വലിയ സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകളിലെ അച്ചടക്കം തിരികെ കൊണ്ടുവരണം. തന്നെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ലെന്നും വിമര്‍ശിച്ച ഗവര്‍ണര്‍, മാധ്യമങ്ങളോടും ക്ഷുഭിതനായി.