Tuesday, May 14, 2024
Latest:
Kerala

കരുവന്നൂർ ബാങ്കിൽ വീണ്ടും നിക്ഷേപം; ടൂറിസം വികസന സഹകരണ സംഘം കൈമാറിയത് 20 ലക്ഷം രൂപ

Spread the love

തൃശൂര്‍: തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിലേക്ക് 20 ലക്ഷം നിക്ഷേപമെത്തി. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരു കൊല്ലത്തേക്ക് നിക്ഷേപിച്ചത്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ബാധ്യത കണക്കിലെടുത്താണ് നിക്ഷേപമെന്നായിരുന്നു ടൂറിസം സംഘം പ്രസിഡന്‍റ് പറഞ്ഞത്.

ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമാണ് തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘം. ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുക, മുസരീസ് പദ്ധതിയിലേക്ക് തൊഴിലാളികളെ സപ്ലൈ ചെയ്യുക എന്നിവയാണ് ഈ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. സംഘത്തിന്‍റെ പ്രസിഡന്‍റും സിപിഎം അനുഭാവിയുമായ അഷ്റഫ് സാബാന്‍റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ കരുവന്നൂര്‍ ബാങ്കിലെത്തിയാണ് ഇരുപത് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പി കെ ചന്ദ്രശേഖരന് കൈമാറിയത്. നിക്ഷേപകര്‍ക്ക് കൂടുതല്‍ പണമെത്തിക്കാനുള്ള ശ്രമം വൈകാതെ ഫലം കാണുമെന്ന് ബാങ്ക് ഭാരവാഹികള്‍ പറഞ്ഞു.

നേരത്തെ ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷൈലജ ബാലനും ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയിരുന്നു. ബാങ്കിന്‍റെ തകര്‍ന്ന വിശ്വാസം തിരിച്ചു പിടിക്കാനുള്ള സിപിഎം നീക്കത്തിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നിക്ഷേപ നീക്കങ്ങളെന്നാണ് വിലയിരുത്തല്‍.