Kerala

ആർ.എസ്.എസിന്റെ പിൻവാതിൽ രാഷ്ട്രീയത്തിന് പരവതാനി വിരിക്കുന്നത് കെ. സുധാകരൻ; ഡിവൈഎഫ്ഐ

Spread the love

സർവകലാശാലകളുടെ സെനറ്റുകളിലേക്ക് ആർ.എസ്.എസുകാരെ തിരുകിക്കയറ്റിയ ഗവർണ്ണറുടെ നടപടിയെ അനുകൂലിക്കുന്ന കെ. സുധാകരന്റെ പ്രസ്താവന കോൺഗ്രസ്സ് – ബി ജെ പി രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇതിലൂടെ കേരളത്തിലെ കോൺഗ്രസ്സ്, ആർ.എസ്.എസ്സിന് വിടുപണി ചെയ്യുകയാണ്. ഗവർണ്ണറുടെ നോമിനികൾ സംഘപരിവാർ ആയതു കൊണ്ട് മാത്രം എതിർക്കില്ല എന്നു പറയുന്ന സുധാകരൻ ആർ.എസ്.എസ്സിന്റെ പിൻവാതിൽ രാഷ്ട്രീയത്തിന് പരവതാനി വിരിക്കുകയാണ്.

സുധാകരൻ പറഞ്ഞത് ഇപ്രകാരമാണ്… ഒരു ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിനാണ് വിമർശിക്കുന്നത്? ബിജെപി അനുകൂല അളുകളെ നോമിനേറ്റ് ചെയ്തതിനെ എതിർക്കുന്നില്ല. അതിലെന്താണ് തെറ്റുള്ളത്. അവിടെയും നല്ല ആളുകൾ ഉണ്ട്, അവരെ വെക്കുന്നതിനെ എതിർക്കില്ല. കോൺഗ്രസ്സിലെ പറ്റുന്നവരെ എടുക്കുമ്പോൾ ഞങ്ങൾ അതിനെയും സ്വീകരിക്കും. ഈ നിലയിൽ ദേശീയ തലത്തിലെ കോൺഗ്രസ്സിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടു പോലും തമസ്കരിച്ചു കൊണ്ടാണ് കെ സുധാകരൻ മുന്നോട്ട് പോകുന്നത്.

ഗവർണറുടെ തീരുമാനങ്ങൾ എന്തുതന്നെയായാലും എതിർക്കില്ല എന്ന് കൂടി പറഞ്ഞ കെപിസിസി അധ്യക്ഷൻ കേരളത്തിലെ കോൺഗ്രസ്സും ആർ എസ്സ്എസ്സും തമ്മിലുള്ള അവിശുന്ധ രാഷ്ട്രീയ സഖ്യം പരസ്യമാക്കിയിരിക്കുകയാണ്.
ഇത് കോൺഗ്രസ്സിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്.
സഖ്യ കക്ഷിയായ മുസ്ലീംലീഗിനും ഇതേ നിലപാടാണോ എന്ന് അറിയേണ്ടതുണ്ട്.

കോൺഗ്രസ്സ് പിന്തുണയോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല കാവിവത്കരിച്ചു കളയാമെന്ന ചാൻസിലറുടെ മോഹം കേവലം മലർപ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നും രാഷ്ട്രീയ ദുരന്തമായ സുധാകരന്റെ ഈ സംഘപരിവാർ അനുകൂല നിലപാടിന് മതേതര കേരളം മറുപടി പറയുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.