National

ആസ്‌തി 91 കോടി,50 LIC പോളിസികൾ, എട്ട് ക്രിമിനൽ കേസുകൾ; വിവരങ്ങൾ വെളിപ്പെടുത്തി കങ്കണ റണൗട്ട്

Spread the love

ലോക് സഭാ തെരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ചയാണ് താരം നാമനിർ​ദേശ പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉൾപ്പെടെ 91.5 കോടി രൂപയിലധികം ആസ്തി. 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വർണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും എന്നിവയും ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളുമുണ്ട് താരത്തിന്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകൾ. കങ്കണയുടെ പേരിൽ 50 എൽഐസി പോളിസികളുണ്ട്.

മുംബൈയിൽ മൂന്നു ഫ്ലാറ്റുകളും മണാലിയിൽ ഒരു ബം​ഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാർട്‌മെൻറിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിർദേശപത്രികയിൽ കങ്കണ റണൗട്ട് നൽകിയിരിക്കുന്ന വിവരങ്ങളിലുള്ളത്. കങ്കണയുടെ പേരിൽ 8 ക്രിമിനൽ കേസുകളുണ്ട്. ഇതിൽ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കങ്കണ റണൗത്തിൻറെ ലോക്‌സഭയിലേക്കുള്ള കന്നി മത്സരത്തിൽ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് എതിർ സ്ഥാനാർഥി. ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിൻറെ മകനാണ് വിക്രമാദിത്യ സിംഗ്. ജൂൺ ഒന്നിനാണ് മാണ്ഡിയിൽ തെരഞ്ഞെടുപ്പ് നടക്കുക. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിർദേശപത്രിക സമർപ്പിച്ചത്.