National

വയനാട് എം.പി എവിടെയാണ് ? വനംമന്ത്രിയെ പുറത്താക്കണം; വി.മുരളീധരൻ

Spread the love

ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വയനാട്ടില്‍‌ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബവും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.

നികുതിദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും വി.മുരളീധരൻ ആറ്റിങ്ങലിൽ പറഞ്ഞു. കർണാടക സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയപ്പ് നൽകാൻ പോലും വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്.

മോദിവിരുദ്ധ സമരത്തിന് കേരള-കർണാടക വനംമന്ത്രിമാര്‍ ഒരേ സമയം ഡൽഹിയിൽ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടത്തിയിരുന്നുവെങ്കിൽ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേനെയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോദിക്കെതിരെ സമരം ചെയ്യുന്ന സമയത്ത് കേരളത്തിലെ ജനങ്ങളുടെ താത്പര്യം

സംരക്ഷിക്കാൻ എന്ത് നടപടിയെടുത്തുവെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കര്‍ണാടക ഭരിക്കുന്നവരുടെ നേതാവ് കൂടിയായ വയനാട് എംപി രാഹുൽഗാന്ധി മണ്ഡലത്തില്‍ നടക്കുന്നതൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു.

ആനയെ മുഖ്യമന്ത്രിയുടെ ഓഫീസ് നോക്കുന്നുണ്ടെന്ന വിചിത്രവാദമാണ് എ.കെ.ശശീന്ദ്രൻ ഉന്നയിക്കുന്നത്. മന്ത്രിയുടെ ജോലി മാധ്യമങ്ങളെ കണ്ട് ആന എങ്ങോട്ട് പോകുന്നു എന്ന വിവരം കൊടുക്കല്ലല്ലെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി.വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്തെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്.

വന്യജീവി ആക്രമണം നേരിടാൻ കേന്ദ്രം നൽകുന്ന പണം എവിടെപ്പോയി എന്ന് സർക്കാർ പറയണം., വൈദ്യുതി വേലി കെട്ടുന്നതിനോ വനത്തിൽ ഭക്ഷണം എത്തിക്കുന്നതിനോ എന്തെങ്കിലും പദ്ധതി നടന്നോ എന്ന് വ്യക്തമാക്കണം. പ്രൊജക്ട് എലഫെന്‍റ് പദ്ധതി എന്തായെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.