Kerala

ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’എന്ന മുഖ്യമന്ത്രിയുടെ പരാമർശം; ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ച് പി.എസ് ശ്രീധരൻപിള്ള

Spread the love

ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ വിമർശനം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരേയും താനുൾപ്പെടുന്ന ഗവർണർമാരേയുമാണ് മുഖ്യമന്ത്രി അവഹേളിച്ചതെന്നാണ് പി.എസ് ശ്രീധരൻപിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്. ക്രൈസ്തവ സഭകളുമായി തനിക്ക് എടുത്ത ബന്ധമാണുള്ളതെന്നും പി.എസ് ശ്രീധരൻപിള്ള ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യൻ പെന്തകോസ്ത് ദൈവസഭയുടെ വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശമാണ് പി.എസ് ശ്രീധരൻപിള്ളയെ പ്രകോപിപ്പിച്ചത്. മണിപ്പൂർ വിഷയമുൾപ്പെടെ മുൻനിർത്തിയുള്ള വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. ആട്ടിൻതോലിട്ട ചെന്നായ്ക്കൾ ചിലർ നിങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരായാണ് പി.എസ് ശ്രീധരൻ പിള്ളയുടെ പോസ്റ്റ്.

‘ഞങ്ങളുടെ ആശയത്തെ എതിർക്കാനും വിമർശിക്കാനും ഏവർക്കും അവകാശമുണ്ട് അതാണല്ലോ ജനാധിപത്യത്തിന്റെ നട്ടെല്ല്. എന്നാൽ, എതിരാളികളെ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന് അപഹസിച്ച് വിളിച്ചത് ഒട്ടും ശരിയല്ലെന്ന പക്ഷക്കാരനാണ് ഞാൻ. ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള ഇടമല്ല’ പി.എസ് ശ്രീധരൻപിള്ള കുറിച്ചു.