Tuesday, May 14, 2024
Latest:
National

ജനം ആർക്കൊപ്പം?; രാജസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

Spread the love

രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

199 മണ്ഡലങ്ങളിലായി 5,25,38,105 പേർക്കാണ് വോട്ടവകാശം. ഇക്കൂട്ടത്തിൽ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. വനിതകൾ 2.52 കോടി, പുരുഷന്മാർ 2.73 കോടി. വോട്ടർപട്ടികയിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരിൽ കൂടുതൽ സ്ത്രീകളായിരുന്നു. 1875 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 183 പേർ മാത്രമാണ് സ്ത്രീകൾ. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെയും സച്ചിന്‍ പൈലറ്റിന്‍റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ഭരണകാലയളവിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും അതിന്റെ തുടർച്ചയെന്ന നിലയിൽ പ്രഖ്യാപിച്ച 7 ഗാരന്റികളും മുൻനിർത്തിയാണ് കോൺഗ്രസിന്റെ പ്രചാരണം. അതേസമയം, സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ രാജസ്ഥാനിൽ വർധിച്ചുവെന്നതാണു ബിജെപിയുടെ പ്രധാന പ്രചാരണവിഷയങ്ങളിലൊന്ന്.

അതേസമയം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ്‌ എന്നിവരുൾപ്പെടെയുള്ള പ്രധാന നേതാക്കൾ പാര്‍ട്ടിയ്ക്കായി തെരഞ്ഞെടുപ്പ് യോഗങ്ങൾക്ക് നേതൃത്വം നൽകി.

ബിജെപിയ്ക്കായി പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖർ രാജസ്ഥാനിലുടനീളമുള്ള പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂര്‍ച്ച കൂട്ടി.