Kerala

‘മുഖ്യമന്ത്രി രാജിവച്ച്‌ മാപ്പ് പറയണം, പ്രവർത്തകന്റെ കേൾവി ശക്തി നഷ്ടമായി’; ഡിവൈഎഫ്ഐ നടത്തിയത് വധശ്രമമെന്ന് വി.ഡി സതീശന്‍

Spread the love

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസിന് ഉടമയാണെന്നും രാജിവച്ച്‌ പൊതുജനത്തോട് മാപ്പ് പറയണമെന്നും വി.ഡി സതീശന്‍ ആലുവയില്‍ പറഞ്ഞു. കലാപഹ്വാനം നടത്തിയ മുഖ്യമന്ത്രി ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം.

അതിന് മടിയുണ്ടെങ്കില്‍ ജനങ്ങളോട് പൊതുമാപ്പ് പറയണം. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി. നികൃഷ്ട മനസാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു കൂട്ടം കുട്ടികളെ ഹെല്‍മറ്റും ഇരുമ്പ് വടിയും ചെടിച്ചട്ടിയും പൊലീസിന്റെ വയര്‍ലെസ് സെറ്റ് വച്ചും ഇടിച്ചിട്ട് എത്ര ഉളുപ്പില്ലാതെയാണ് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നത്.

നവകേരള സദസില്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. ഉദ്യോഗസ്ഥരെ കൊണ്ട് പിരിവ് നടത്തിച്ചാണോ ഈ പാര്‍ട്ടി പരിപാടി നടത്തുന്നത്. ഇതൊരു നാണംകെട്ട പരിപാടിയാണ്. അതിന് അഴിമതിപ്പണമെന്ന് ചെലവാക്കണം. പഞ്ചായത്തില്‍ ജനങ്ങള്‍ അടയ്ക്കുന്ന നികുതി എടുത്ത് പാര്‍ട്ടി പരിപാടി നടത്തുകയാണ്. ഈ പരിപാടിയില്‍ മന്ത്രിമാര്‍ക്ക് ഒരു റോളുമില്ല.

കക്ഷിനേതാക്കളായ മന്ത്രിമാരെ മാത്രമാണ് പ്രഭാത ഭക്ഷണത്തിന് പോലും ക്ഷണിക്കുന്നത്. മറ്റുള്ളവര്‍ മുറികളിലിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ഭരണവും നടക്കുന്നില്ല. ഒരു പരാതി പോലും ഒരു മന്ത്രിയും വാങ്ങുന്നില്ല. അഞ്ച് മാസം മുന്‍പ് അദാലത്ത് നടത്തി വാങ്ങിയ പരാതികള്‍ കെട്ടഴിച്ചുപോലും നോക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നവകേരള സദസ്സിന് പണം നല്‍കരുതെന്ന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കാതെ പണം നല്‍കിയ ഏതെങ്കിലും യുഡിഎഫ് ഭരണസമിതിയുണ്ടെങ്കില്‍ അവര്‍ ആ സ്ഥാനത്തുണ്ടാകില്ല. നിര്‍ദേശം നല്‍കുന്നതിനു മുന്‍പ് ആരെങ്കിലും തീരുമാനമെടുത്താല്‍ അതില്‍ ആവശ്യമായ തിരുത്തല്‍ വരുത്തും.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ആരെങ്കിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച്‌ നടപടി സ്വീകരിക്കണം. കരുവന്നൂരില്‍ മന്ത്രിമാര്‍ അടക്കം പണം വാങ്ങിയ വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.