Kerala

എ.കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് അജിത് പവാർ പക്ഷം നേതാവ്; ആവശ്യം തള്ളി ശശീന്ദ്രൻ

Spread the love

മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശരദ് പവാറിനൊപ്പം നില്‍ക്കുന്ന ജനപ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കും. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കാൻ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം. രാജി വെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടത്. എൻസിപി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികൾക്ക് പിന്തുണ നൽകും. എകെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നും ഒപ്പം നിന്നില്ലെങ്കിൽ അയോഗ്യതാ നടപടികളിലേക്ക് കടക്കുമെന്നും എൻഎ മുഹമ്മദ് കുട്ടി വ്യക്തമാക്കി.

രാജി ആവശ്യം തള്ളിയ എ.കെ ശശീന്ദ്രൻ ഉത്തരവ് ശരിയായി വായിക്കാത്തവർ ആണ് രാജി ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകമെന്നും പ്രതികരിച്ചു. യഥാര്‍ത്ഥ എന്‍സിപി ശരദ് പവാറിന്റേതാണ്. ഇക്കാര്യം ജനപിന്തുണ കൊണ്ട് തെളിയിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.