National

യു.പിയിൽ ‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചു

Spread the love

ഹലാൽ ടാഗ് പതിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് യു.പി സർക്കാർ . വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകന്‍റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ നിരോധനമേർപ്പെടുത്തിയത്. നിരോധനം ഉടനടി പ്രാബല്യത്തിലായതായി ഉത്തരവിൽ പറയുന്നു.

‘ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു’ എന്നാണ് ഉത്തരവിൽ പറയുന്നത്. ഇതുപ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുത്.

ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്‍റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതർ വ്യക്തമാക്കിയിരുന്നു.