National

ഗുജറാത്തിലും ഗുജറാത്തി ഭാഷ ഒഴിവാക്കി പ്രധാനമന്ത്രി; ഹിന്ദിയിൽ പ്രസംഗിക്കുന്നതിന് കാരണവുമുണ്ട്

Spread the love

സ്വന്തം നാടായ ഗുജറാത്തിൽ 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് ഹിന്ദിയിൽ. ഔദ്യോഗിക പരിപാടികളിലും തെരഞ്ഞെടുപ്പ് റാലികളിലും ഇതാണ് പതിവ്. ഈ പ്രസംഗങ്ങളെല്ലാം ദൃശ്യ മാധ്യമങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനാൽ ഇവയ്ക്കെല്ലാം ദേശീയ തലത്തിൽ ശ്രദ്ധ നേടാനും സാധിക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ പലപ്പോഴായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ ആറ് റാലികളിൽ പങ്കെടുത്തു. ആറിടത്തും അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്. ഇടയ്ക്ക് ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രമേ അദ്ദേഹം ഗുജറാത്തി ഭാഷയിൽ സംസാരിക്കാറുള്ളൂ. 2022 ൽ സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 12 ഓളം റാലികളിൽ ഗുജറാത്തിൽ സംസാരിച്ച പ്രധാനമന്ത്രി, പ്രധാനമായും സംസാരിക്കാൻ തെരഞ്ഞെടുത്തത് ഹിന്ദി ഭാഷയാണ്.

എന്നാൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത് വരെ അദ്ദേഹത്തിൻ്റെ രീതി ഇതളായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന 13 വർഷവും അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ബഹുഭൂരിപക്ഷവും ഗുജറാത്തി ഭാഷയിലായിരുന്നു. സാധാരണ സ്വന്തം നാട്ടിലെത്തുന്ന ദേശീയ നേതാക്കൾ അവിടുത്തെ പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നതാണ് പതിവ്. ഈ രീതിയെയാണ് നരേന്ദ്ര മോദി മാറ്റിയെഴുതുന്നത്. 2017 ൽ സൂറത്തിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി ഏത് ഭാഷയിൽ സംസാരിക്കണമെന്ന സംശയം തനിക്കുണ്ടെന്നും എന്നാൽ ഗുജറാത്തിൽ നടന്ന മഹത്തായ കാര്യം രാജ്യം അറിയണമെങ്കിൽ ഹിന്ദിയിൽ തന്നെ സംസാരിക്കേണ്ടതുണ്ടെന്നും അതിനായി താൻ ഹിന്ദി തിരഞ്ഞെടുക്കുന്നുവെന്നും പറഞ്ഞു.

എന്നാൽ ഈയിടെ ഗുജറാത്തിലെ ബനസ്‌കന്തയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി ഒരു കാര്യം മാത്രമാണ് ഗുജറാത്തി ഭാഷയിൽ പറഞ്ഞത്. നിങ്ങൾക്ക് 2 പശുക്കളുണ്ടെങ്കിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒന്നിനെ സർക്കാർ കൊണ്ടുപോകും – എന്നായിരുന്നു അത്. വടക്കൻ ഗുജറാത്തിലെ ക്ഷീര കർഷകരായിരുന്നു സദസ്സിലുണ്ടായിരുന്നവർ അധികവും.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഇവിടെയൊരു വാർത്തയേയല്ല. ഗുജറാത്തിൽ ഗ്രാമീണ മേഖലയിലടക്കം ഹിന്ദി സുപരിചതമെന്നതാണ് അതിന് കാരണം. ഹിന്ദി ടിവി സീരിയലുകളും ഹിന്ദി സിനിമകളുമാണ് ഈ ഭാഷ ഗുജറാത്തിൽ താഴേത്തട്ടിൽ വരെ സ്വീകാര്യമാക്കിയത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മൻമോഹൻ സിങും അടക്കമുള്ള നേതാക്കൾ ഗുജറാത്തിൽ വന്നാലും പരിപാടികളിൽ വിവർത്തകരുടെ സഹായം ഇല്ലാതെ തന്നെ ഹിന്ദിയിലാണ് സംസാരിക്കാറുള്ളത്.

ഗുജറാത്തികൾ നരേന്ദ്രമോദിയെ രാജ്യത്തെ ഏറ്റവും ശക്തനായ ദേശീയ നേതാവായി കാണുന്നുവെന്നതും ഇതിന് കാരണമാണ്. പ്രധാനമന്ത്രി പദവിയിൽ ഇരിക്കുമ്പോൾ ഹിന്ദിയിൽ തന്നെയല്ലേ സംസാരിക്കേണ്ടത് എന്ന യുക്തിയാണ് ഗുജറാത്തിലെ ജനത്തെ നയിക്കുന്നതും.

അവിഭക്ത ബോംബെ സംസ്ഥാനത്തെ മുറിച്ചാണ് 1960 ൽ ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചത്. അന്ന് മുതലേ ഗുജറാത്തിക്കൊപ്പം തന്നെ ഹിന്ദിയും ഇവിടെ നിലനിന്നിരുന്നു. ഗുജറാത്തി ഭാഷയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്ന നിബന്ധന സംസ്ഥാനത്ത് ഉണ്ടായിരുന്നതുമില്ല. ഈ സ്വീകാര്യതയാണ് ബോളിവുഡ് സിനിമകൾക്കും ടെലിവിഷൻ സീരിയലുകൾക്കും വളക്കൂറുള്ള മണ്ണാക്കി ഗുജറാത്തിനെ മാറ്റിയെടുത്തതിൻ്റെ കാരണം.

അതേസമയം ഇപ്പോഴത്തെ ഗുജറാത്ത് മുഖ്യമന്ത്രി ചിമൻഭായി പട്ടേൽ മന്ത്രിസഭാ യോഗങ്ങളിൽ ഗുജറാത്തി ഭാഷയിലും ഉദ്യോഗസ്ഥരോട് ഇംഗ്ലീഷിലുമാണ് സംസാരിക്കാറുള്ളത്. സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗവും വിദേശകാര്യ മന്ത്രിയുമായ എസ് ജയ്‌ശങ്കർ എല്ലായ്പ്പോഴും ഇംഗ്ലീഷിലാണ് ഗുജറാത്തിലെയടക്കം വേദികളിൽ സംസാരിക്കാറുള്ളത്.

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ തിരഞ്ഞെടുത്തതും ഹിന്ദി ഭാഷയായിരുന്നു. എന്നാൽ പ്രസംഗത്തിൻ്റെ ഗുജറാത്തി പകർപ്പ് അംഗങ്ങൾക്ക് നൽകി. സംസ്ഥാനത്തെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും ഭാഷാപരമായ ഈ സ്വീകാര്യത കാണാനാവും. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ഹിന്ദി സ്വാധീന മേഖലകളിൽ നിന്നാണ് ഗുജറാത്തിൽ കൂടുതൽ തൊഴിലാളികളെത്തുന്നത്. അതിനാൽ ഹിന്ദി ഗുജറാത്തിൽ ഒരു രണ്ടാം ഭാഷയായി മാറിക്കഴിഞ്ഞു.