Kerala

കേരളവർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കുമോ? വിധി ഇന്ന്

Spread the love

കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വോട്ടെടുപ്പിന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രേഖകളുടെ പകർപ്പായിരുന്നു കോളജ് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ കോടതി നേരത്തെയും നിർദേശിച്ചിരുന്നു. എന്നാൽ കോളജിന്റെ ഭാഗത്തുനിന്ന് രേഖകളുടെ പകർപ്പ് മാത്രമായിരുന്നു ഹാജരാക്കിയത്. തെരഞ്ഞെടുപ്പിന്റെ ഒറിജിനൽ ടാബുലേഷൻ ഷീറ്റ് സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിട്ടേണിങ് ഓഫീസർ കോടതിയിൽ അറിയിച്ചത്.

തുടർന്നാണ് എല്ലാ രേഖകളും ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഈ രേഖകൾ പരിശോധിച്ച ശേഷം അന്തിമ തീർപ്പ് ഉണ്ടാകും. റീ കൗണ്ടിങ്ങിൽ അസാധുവായ വോട്ടുകൾ സാധുവാക്കിയെന്നാണ് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടൻ റിട്ട് ഹർജിയിൽ പറഞ്ഞിരുന്നത്. ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ശ്രീക്കുട്ടന്‍റെ ആവശ്യം.