Sports

നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ; വിജയം 33 റൺസിന്

Spread the love

ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 33 റൺസിന്റെ വിജയം. 287 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 253 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 48.1 ഓവറായപ്പോഴേക്കും ഇംഗ്ലണ്ടിന്റെ എല്ലാ കളിക്കാരും കൂടാരം കയറി.

ഡേവിഡ് മാലാനും (64 പന്തിൽ 50 ), ബെൻസ്റ്റോക്‌സും (90 പന്തിൽ 64) ഇംഗ്ലണ്ട് നിരയിൽ അർധ സെഞ്ച്വറി നേടി. ഓസ്ട്രേലിയക്കായി ആദം സാംപ മൂന്നു വിക്കറ്റാണ് പിഴുതത്. ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 10 ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയാണ് ആദം സാംപ 3 വിക്കറ്റുകൾ പിഴുതത്.

അവസാന ഓവറുകളിൽ വോക്‌സ് 32 റൺസും ആദിൽ റഷീദ് 20 റൺസും നേടി ഇംഗ്ലണ്ടിന്റെ തോൽവി ഭാരം കുറച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് നിലവിൽ പോയിന്റ് പട്ടികയിൽ അവസാനമാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മാർനസ് ലബുഷെയ്ൻ (83 പന്തിൽ 71) , സ്റ്റീവ് സ്മിത്ത്(52 പന്തിൽ 44) , കാമറൂൺ ഗ്രീൻ(52 പന്തിൽ 47), മാർക്കസ് സ്റ്റോയ്‌നിസ് (32 പന്തിൽ 35) എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തിലാണ് 49.3 ഓവറിൽ 286 റൺസ് നേടിയത്.