Sports

പാകിസ്താന് ഇന്ന് നിർണയാക മത്സരം; എതിരാളി ദക്ഷിണാഫ്രിക്ക

Spread the love

ഐസിസി ലോകകപ്പിൽ ഇന്ന് പാകിസ്താന് നിർണായക മത്സരം. തുടർതോൽവികളിൽ വലഞ്ഞ പാകിസ്താൻ ടീമിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടുകൂടി ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളി. തുടർച്ചയായി മൂന്നു തോൽവികളാണ് പാകിസ്താൻ വഴങ്ങിയിരിക്കുന്നത്. അവസാനം നടന്ന മത്സരത്തിൽ എതിരാളിയായിരുന്ന അഫ്​ഗാനിസ്ഥാൻ‌ അനായാസ വിജയമായിരുന്നു പാകിസ്താനെതിരെ നേടിയത്.

അതേമയം മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്ക. അഞ്ചു മത്സരങ്ങളിൽ നിന്ന് നാലു മത്സരങ്ങൾ വിജയിച്ച് എട്ടു പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. എന്നാൽ അഞ്ചു മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ പരാജയപ്പെട്ട പാകിസ്താൻ നാലു പോയിന്റുകളുമായി ആറാം സ്ഥാനത്താണ്. പാകിസ്താനെതിരെ വിജയിച്ച് കയറിയാൽ സെമി ദൂരം കുറയ്ക്കാനായിരിക്കും ദ​ക്ഷിണാഫ്രിക്ക ശ്രമിക്കുക.

ടൂർണമെന്റിൽ മൂന്ന് സെഞ്ച്വറി നേടിയ ക്വിന്റൻ ഡീകോക്ക് ഉൾപ്പടെയുള്ള ബാറ്റർമാരും റബാഡയുൾപ്പെടെയുള്ള ബൗളർമാരും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ ലോകകപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുൻതൂക്കം ദക്ഷിണാഫ്രിക്കയ്ക്ക് ആണെങ്കിലും(അഞ്ചിൽ മൂന്നെണ്ണത്തിൽ ജയം) അവസാന രണ്ട് ലോകകപ്പുകളിലും നേർക്ക് നേർ വന്നപ്പോൾ ജയം പാകിസ്താന് ഒപ്പമായിരുന്നു.

ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കാനെത്തുന്നത് കിരീടവുമായി മടങ്ങാനാണെന്നായിരുന്നു ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് ബാബർ ആത്മവിശ്വാസത്തിൽ പറഞ്ഞിരുന്നത്. ആദ്യ നാലിൽ എത്തുകയല്ല ലക്ഷ്യമെന്നും ഇന്ത്യയിൽ നിന്ന് മട‌ങ്ങുമ്പോൾ കയ്യിൽ ലോകകപ്പ് ഉണ്ടാകുമെന്നുമായിരന്നു അന്ന് ബാബർ പറഞ്ഞിരുന്നത്. എന്നാൽ‌ ആദ്യ മത്സരങ്ങൾക്ക് ശേഷം പാക് ടീമിന് വിജയത്തിൽ സ്ഥിരത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നു തുടർപരാജയങ്ങളോടെ ലോകകപ്പിൽ പാക്കിസ്ഥാന്റെ നില പരുങ്ങലിലായി. പാക്കിസ്ഥാന് സെമിപ്രതീക്ഷകൾ നിലനിർത്താൻ തുടർ മത്സരങ്ങളിലെ വിജയം അനിവാര്യമാണ്. ഇനി സെമിസാധ്യതകൾ നിലനിർത്താനും നാണക്കേട് മറയ്ക്കാനും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ നടക്കുന്ന മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.