Sports

എറിഞ്ഞിട്ട് ബൗളർമാർ; ചെന്നൈക്ക് കൂറ്റൻ ജയം

Spread the love

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ ജയം. 91 റൺസിനാണ് ചെന്നൈയുടെ ജയം. 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 17.4 ഓവറിൽ 117 റൺസെടുക്കുന്നതിനിടെ ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. ആകെ നാല് താരങ്ങളാണ് ഡൽഹി നിരയിൽ ഇരട്ടയക്കം കടന്നത്. മിച്ചൽ മാർഷ് (25), ശാർദ്ദുൽ താക്കൂർ (24) ഋഷഭ് പന്ത് (21), ഡേവിഡ് വാർണർ (19) എന്നിവരാണ് ഇരട്ടയക്കം സ്കോർ ചെയ്തത്. ചെന്നൈക്കു വേണ്ടി മൊയീൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഡൽഹിക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. രണ്ടാം ഓവറിൽ തന്നെ ശ്രീകർ ഭരത് (8) പുറത്ത്. ഭരതിനെ സിമർജീത് സിംഗ് മൊയീൻ അലിയുടെ കൈകളിലെത്തിച്ചു. മികച്ച രീതിയിൽ തുടങ്ങിയ ഡേവിഡ് വാർണറാണ് പിന്നീട് മടങ്ങിയത്. വാർണറെ മഹീഷ് തീക്ഷണ വിക്കറ്റിനു മുന്നിൽ കുരുക്കി. മൂന്നാം വിക്കറ്റിൽ മിച്ചൽ മാർഷും ഋഷഭ് പന്തും ചേർന്ന് കൂട്ടിച്ചേർത്ത 36 റൺസാണ് ഡൽഹി ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. മൊയീൻ അലി ഈ കൂട്ടുകെട്ട് പൊളിച്ചു. മിച്ചൽ മാർഷിനെ ഋതുരാജ് ഗെയ്ക്‌വാദിൻ്റെ കൈകളിലെത്തിച്ചാണ് മൊയീൻ തൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെ താരം ഋഷഭ് പന്തിൻ്റെ കുറ്റി പിഴുതു. റിപൽ പട്ടേലിനെ ഡെവോൺ കോൺവേയുടെ കൈകളിലെത്തിച്ച മൊയീൻ മൂന്നാം വിക്കറ്റും സ്വന്തമാക്കി. അക്സർ പട്ടേലിനെയും (1) റോവ്മൻ പവലിനെയും (3) മുകേഷ് ചൗധരി പുറത്താക്കി. അക്സറിൻ്റെ കുറ്റി പിഴുത മുകേഷ് പവലിനെ ധോണിയുടെ കൈകളിലെത്തിച്ചു. കുൽദീപ് യാദവ് (5) സിമർജീത് സിംഗിൻ്റെ പന്തിൽ റോബിൻ ഉത്തപ്പയുടെ കൈകളിൽ അവസാനിച്ചു. പൊരുതിക്കളിച്ച ശാർദ്ദുൽ താക്കൂറിനൊപ്പം ഖലീൽ അഹ്മദിനെയും (0) ബ്രാവോ പുറത്താക്കി. താക്കൂറിനെ ധോണി പിടികൂടിയപ്പോൾ ഖലീലിൻ്റെ കുറ്റി തെറിക്കുകയായിരുന്നു.