National

‘അവർ മരിച്ചുപോയെന്ന് തീരുമാനിക്കാറായിട്ടില്ല; സൈനികരാണ് അവർ തിരിച്ചുവരും’; മേജർ രവി

Spread the love

സിക്കിമിലെ ലാച്ചന്‍ താഴ്‌വരയിലെ തീസ്ത നദിയില്‍ ഇന്നലെ രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് 23 സൈനികരെയാണ് കാണാതായത്. വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും ഇന്ത്യൻ ആർമി ഓഫീസറുമായ മേജർ രവി രംഗത്തെത്തിയിരിക്കുകയാണ്. സിക്കിമിലെ നദികളുടെ സൈഡിൽ പട്ടാള ക്യാമ്പുകളാണ് അധികവും. നദികൾ തുറന്നുവിടുമ്പോൾ സ്ഥലത്തുള്ള പട്ടാള ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകണമായിരുന്നുവെന്ന് മേജർ രവി പറഞ്ഞു.

ശത്രുവിനോട് പോരാടിയിട്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നവരാണ് സൈനികർ. സ്ഥലത്ത് എന്ത് ഉണ്ടായാലും സൈനികർക്ക് മുന്നറിയിപ്പ് നൽകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിലൂടെ പട്ടാളക്കാരും അവരുടെ കുടുംബവുമാണ് അനാഥരാവുന്നത്. അവർ ജീവനോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. അവർ മരിച്ചുപോയെന്ന് തീരുമാനിക്കാറായിട്ടില്ല. പട്ടാളക്കാരാണ് അവർ തിരിച്ചുവരുമെന്നും മേജർ രവി പറഞ്ഞു.

വടക്കന്‍ സിക്കിമിലെ ലോഹ്നക് തടാകത്തിനുമുകളില്‍ മേഘവിസ്‌ഫോടനം ഉണ്ടായതിനെത്തുടര്‍ന്നാണ് തീസ്ത നദിയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നത്. ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടത്തും സാഹചര്യം മോശമാക്കി.നദിയില്‍ 15 മുതല്‍ 20 അടിവരെ ജലനിരപ്പുയര്‍ന്നു. ഇതേത്തുടർന്ന് സിങ്താമിലെ ബര്‍ദാങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു.

കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാച്ചന്‍ താഴ്‌വരയിലെ വിവിധ സൈനിക ക്യാമ്പുകളേയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. പ്രളയത്തെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണ്.തീസ്ത നദിക്കരയില്‍നിന്ന് മാറി താമസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലും സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.