Kerala

നാളെ അവധി: തിരുവനന്തപുരത്ത് മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ

Spread the love

തിരുവനന്തപുരം: കനത്ത മഴ പെയ്തതിനെ തുടർന്ന് പലയിടത്തും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്ക് അവധി. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. നാളെ ഈ സ്കൂളുകൾ പ്രവർത്തിക്കില്ല. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ പി സ്കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്കൂൾ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നതും.

അതേസമയം സംസ്ഥാനത്ത് തുടർച്ചയായി പെയ്‌ത ശക്തമായ മഴയ്ക്ക് ശമനമായി. തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും, കൊല്ലത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നിലയിൽ മഴയുണ്ടായിരുന്നില്ല. ചുരുക്കം സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുകയും ചെയ്തു. ഇന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയിൽ പല ഭാഗത്തും ഉണ്ടായത്. ഇന്നലെ കനത്ത മഴയാണ് തിരുവനന്തപുരത്ത് രേഖപെടുത്തിയത്. തിരുവനന്തപുരം എയർപോർട്ട് സ്റ്റേഷനിൽ 112.4 മില്ലി മീറ്റർ മഴയും സിറ്റി സ്റ്റേഷനിൽ 69.9 മില്ലി മീറ്റർ മഴയും രേഖപ്പെടുത്തിയിരുന്നു. ജലനിരപ്പ് ഉയർന്ന നെയ്യാറിലും കരമന നദിയിലും കേന്ദ്ര ജല കമ്മീഷൻ പുറപ്പെടുവിച്ച മുന്നറിയിപ്പ് തുടരുന്നുണ്ട്.