വൃത്തിയില്ലെങ്കിൽ കർശന നടപടി; ഇന്ന് പൂട്ടിച്ചത് 22 ഹോട്ടലുകൾ

Spread the love

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ 22 ഹോട്ടലുകൾ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 12 ഹോട്ടലുകളും ലൈസൻസില്ലാതെ പ്രവർത്തിച്ച 10 ഹോട്ടലുകളുമാണ് പൂട്ടിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ പൂട്ടിയ ഹോട്ടലുകളുടെ എണ്ണം 132 ആയി.

പാലക്കാട് പത്തിരിപ്പാലയില്‍ ഹോട്ടലില്‍ നിന്നും ഇന്നലെ പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. പത്തിരിപ്പാല വെറ്റ്‌സാന്റ് ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. ആറ് കിലോയിലേറെ പഴകിയ ഷവര്‍മ്മ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതേ ഹോട്ടലില്‍ നിന്ന് പഴകിയ എണ്ണയും കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ആറ് ദിവസത്തിനുള്ളില്‍ ആയിരത്തിലധികം സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 110 കടകള്‍ പൂട്ടിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളാണ് കണ്ടെത്തിയത്.