Friday, December 13, 2024
Latest:
Kerala

റിഫയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മകളെ മെഹ്നാസ് മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ

Spread the love

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. റിഫയ്ക്ക് നീതി ലഭിക്കാൻ വൈകരുതെന്നാണ് മാതാപിതാക്കളുടെ അപേക്ഷ. റിഫയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തങ്ങളുടെ മുന്നിൽവെച്ച് മകളെ ഭർത്താവ് മർദ്ദിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.

റിഫയുടെ മുഴുവൻ വസ്ത്രങ്ങളും ഫോണും മെഹ്നാസ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. റിഫയുടെ മരണശേഷം കുഞ്ഞിനെക്കുറിച്ച് മെഹ്നാസ് അന്വേഷിച്ചിട്ടേയില്ല. വനിതാ കമ്മിഷന്റെ നിർദേശത്തെ തുടർന്ന് പൊലീസ് മികച്ച അന്വേഷണമാണ് നടത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞു. പൊലീസ് ദുബായിൽ പോയി അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
റിഫ മെഹ്നുവും ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. റിഫ ജോലി ചെയ്യുന്ന കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മെഹ്നാസുമായി സംസാരിച്ച ശേഷം റിഫ കരഞ്ഞ് കടയിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഇരുവരും തമ്മില്‍ പരസ്യമായി വാക്കുതര്‍ക്കമുണ്ടായതായി പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

റിഫ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. ഒരു സ്ത്രീയായ താന്‍ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ജോലി ചെയ്ത് ചെലവുകള്‍ നോക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് റിഫ പങ്കുവെച്ചിരുന്നുവെന്ന് റിഫയുടെ മാതാവ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ സത്യങ്ങള്‍ പുറത്തുവരുമെന്നാണ് കുടുംബം വിശ്വസിക്കുന്നത്.