മാസപ്പടിയിൽ പിടിവീഴുമോ? ഇഡി അന്വേഷണത്തിന് ഗ്രീൻ സിഗ്നൽ; അടുത്ത നീക്കമെന്ത്?
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎൽ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണം തുടരാമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെ ഇഡി കേസുമായി ബന്ധപ്പെട്ട ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ 12 ഇടങ്ങളിലായിരുന്നു ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകിയത്. ഇതിലാണിപ്പോൾ വിധി വന്നിരിക്കുന്നത്.
നിരപരാധിത്വം തെളിയിക്കാൻ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കുകയല്ലേ വേണ്ടതെന്ന് സിഎംആർഎല്ലിനോട് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇഡി നടത്തിയ റെയ്ഡിൽ വീണ ടിയുമായി ബന്ധപ്പെട്ട് രേഖകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. വീണ ടിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകളിൽ ഇ.ഡിയുടെ വിശദപരിശോധന നടത്തുകയും വീണയുടെ ബാങ്ക് ലോക്കർ തുറക്കാനും തീരുമാനിച്ചിരുന്നു. മരവിപ്പിച്ച അക്കൗണ്ടുകളിലെ പണത്തിന്റെ സ്രോതസുകളാണ് അന്വേഷിക്കുന്നത്.സി.എം.ആർ.എൽ കമ്പനി വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നൽകിയത് എന്തിനാണെന്നാണ് ഇഡി പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇ.ഡി സംശയിക്കുന്നുണ്ട്. അന്വേഷണത്തിനുള്ള തടസ്സം നീങ്ങിയതോടെ വീണ ടിയെ എൻഫോറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്നുള്ളതാണ് ഇനി ശ്രദ്ധേയം.
ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയയിരിക്കുന്നത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകള്‍ വീണ ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കും.
