‘വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി’; യു പ്രതിഭക്കെതിരെ രൂക്ഷ വിമർശനം, സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ വിമർശനം
സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തിലും കടുത്ത വിമർശനം. വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും പാർട്ടിയിൽ കുറയുന്നു. തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു. ഏരിയാ കമ്മിറ്റികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ല. വികസന നായകൻ എന്ന ജി സുധാകരന്റെ പ്രതിച്ഛായയെ മറികടക്കാനായില്ല.
ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെയും യു പ്രതിഭ രംഗത്തെത്തി. കായംകുളത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം ശരിയല്ല എന്ന് താൻ പറഞ്ഞു. അതിൻ്റെ പേരിൽ ജില്ലാ സെക്രട്ടറി തന്നെ മോശക്കാരിയാക്കി. മാധ്യമങ്ങൾക്ക് ജില്ലാ സെക്രട്ടറി നൽകിയ പ്രതികരണം വസ്തുത പരിശോധിക്കാതെയുള്ളത്.
ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നിലപാടുകൾ കമ്മ്യൂണിസ്റ്റ് രീതിയല്ല. എസ്എഫ്ഐ നേതാക്കൾ പോലും മുതിർന്ന നേതാക്കളുടെ ധാർഷ്ട്യം അനുകരിക്കുന്നു. വിമർശിക്കുന്നവരെ പാർട്ടിയിൽ ഒന്നുമല്ലാതാക്കാൻ ശ്രമങ്ങൾ ഉണ്ടാകുന്നെന്നും യു പ്രതിഭ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം പ്രതിഭ അസംബന്ധം പറയുന്നെന്നായിരുന്നു നാസർ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം.
യു പ്രതിഭക്കെതിരെയും ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം അപമാനിച്ചു. പണിയെടുത്തില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ?. യു പ്രതിഭക്കെതിരായ വലിയ വികാരം കായംകുളത്തുണ്ടായിരുന്നു.
പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കി. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നതെന്നും ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം പ്രവർത്തകർ പണിയെടുത്തില്ലെന്നായിരുന്നു യു പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞത്.
