Uncategorized

സഭയിൽ അതിരൂക്ഷ വിമർശനം; വിജയ്‌യുടെ ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

Spread the love

 

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിയമനം റദ്ദാക്കി. ജ്യോത്സ്യൻ റിക്കി റഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ച ഉത്തരവാണ് റദ്ദാക്കിയത്. ഇന്ന് സഭയിൽ നിയമനത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. തമിഴ്‌നാട് സർക്കാർ ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

വിജയ്‌യുടെ ജ്യോതിഷിയായി അറിയപ്പെടുന്ന വെട്രിവേലിനെ നേരത്തെ ടിവികെയുടെ വക്താക്കളിൽ ഒരാളായി നിയമിച്ചിരുന്നു.ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ചുമതലയേൽക്കുന്ന തീയതി മുതൽ റിക്കി വെട്രിവേൽ മുഖ്യമന്ത്രിയുടെ ഒഎസ്ഡി (പൊളിറ്റിക്കൽ) ആയി നിയമിതനായി. അദ്ദേഹത്തിന്റെ സേവന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പ്രത്യേകം അറിയിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

 

അതേസമയം തമിഴ്‌നാട് നിയമസഭയിൽ നടന്ന കനത്ത രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്. ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെയും പിന്തുണ സർക്കാരിന് ലഭിച്ചു. 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

 

വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. “ഞങ്ങൾ സഭ വിടുന്നതോടെ നിങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കും, അത് വെച്ച് നന്നായി ഭരിക്കുക” എന്ന് ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. തങ്ങളുടെ സഖ്യകക്ഷികളെ വിജയ് റാഞ്ചിയെന്നും അദ്ദേഹം ആരോപിച്ചു.