വൈകി വന്ന വിവേകം: സില്‍വര്‍ ലൈന്‍ പദ്ധതി ദോഷകരം എന്ന് സമ്മതിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; ‘വന്‍തോതില്‍ കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുന്ന പദ്ധതി’
സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കുമെന്ന് സമ്മതിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുത്താല്‍ ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകുമെന്നും സമ്മതിക്കുന്നുണ്ട്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുറ്റസമ്മതം. (ldf govt admit that silverline project has many drawbacks)
ഭരണം തീരാറായപ്പോഴാണ് സില്‍വര്‍ ലൈന്‍ പദ്ധതി ദോഷകരമാകുമെന്ന് പിണറായി സര്‍ക്കാരിന് തിരിച്ചറിവുണ്ടായത്. സില്‍വര്‍ ലൈനിന് പകരം റാപ്പിഡ് റെയില്‍ സിസ്റ്റം നടപ്പിലാക്കാന്‍ സാധ്യതാ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദോഷഫലങ്ങളെ കുറിച്ച് പറയുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി വന്നാല്‍ സംഭവിക്കാവുന്ന ദൂഷ്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ടില്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. വലിയ തോതിലുളള കുടിയൊഴിപ്പിക്കല്‍ വേണ്ടി വരും, ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകും. പദ്ധതി 10000 കുടുംബങ്ങളെ ബാധിക്കും,പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വലിയ ആഘാതമുണ്ടാക്കും, റെയില്‍വെയില്‍ നിന്നുളള എതിര്‍പ്പ്, പൊതജനങ്ങളുടെ എതിര്‍പ്പ് എന്നിവയാണ് സില്‍വര്‍ ലൈന്‍ പദ്ധതിമൂലം സംഭവിക്കുന്ന ദോഷവശങ്ങളെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കെറെയില്‍ കണക്കാക്കിയ ചെലവ് 63940 കോടിയാണെങ്കിലും നീതി ആയോഗിന്റെ കണക്കില്‍ ചെലവ് 1.26ലക്ഷം കോടിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനം ഏമ്പാടും പ്രതിഷേധ സമരങ്ങള്‍ നടന്നപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമാണ് ഇത്. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനൊപ്പം ഗുണഗണങ്ങള്‍ വിശദീകരിച്ച് ബദല്‍ കാമ്പയിനും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് പറഞ്ഞതെല്ലാം തെറ്റായിരുന്നു എന്ന കുറ്റസമ്മതമാണ് ഭരണത്തിന്റെ അവസാനകാലത്തെ റിപോര്‍ട്ടിലുളളത്.
