Uncategorized

നാമനിർദേശ പത്രിക തള്ളിയത് ജനാധിപത്യത്തിന്റെ അട്ടിമറി: തിര. കമ്മിഷനെതിരെ കോൺഗ്രസ്

Spread the love

 

ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നാടരാജന്റെ നാമനിർദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫിസറുടെ ഉത്തരവ് ‘ജനാധിപത്യത്തിന്റെ അട്ടിമറി’യാണെന്ന് കോൺഗ്രസ്. ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ, ജയറാം രമേശ്, അഭിഷേക് സിങ്‌വി, വിവേക് ടാങ്ക, രൺദീപ് സുർജേവാല, ദീപാ ദാസ്മുൻഷി തുടങ്ങിയ മുതിർന്ന നേതാക്കളടങ്ങിയ സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കണ്ടു. മീനാക്ഷി നാടരാജനും സംഘത്തോടൊപ്പമുണ്ടായിരുന്നു. ‘‘ഇത് ജനാധിപത്യത്തിന്റെ അട്ടിമറിയാണ്. ഭരണഘടനാ സ്ഥാപനങ്ങളിൽ ഞങ്ങൾക്ക് ഇപ്പോഴും പൂർണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഈ പോരാട്ടം നടത്തുന്നത്’’ – കമ്മിഷനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മീനാക്ഷി നാടരാജൻ മാധ്യമങ്ങളോടു പറഞ്ഞു.റിട്ടേണിങ് ഓഫിസറുടെ തീരുമാനം ‘ദുഷ്പ്രേരിതവും തികച്ചും പക്ഷപാതപരവുമാണ്’ എന്നാണ് കോൺഗ്രസിന്റെ നിയമ സെൽ മേധാവി കൂടിയായ അഭിഷേക് സിങ്‌വി വിമർശിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 33എ വകുപ്പ് പ്രകാരം രണ്ടു വർഷത്തിൽ കൂടുതലുള്ള ശിക്ഷ ലഭിക്കാവുന്ന കേസുകള്‍ മാത്രമാണ് വെളിപ്പെടുത്തേണ്ടതെന്നും ഈ കേസിൽ മീനാക്ഷി നടരാജനെതിരെ അത്തരം സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘കുറ്റപത്രം റജിസ്റ്റർ ചെയ്യുന്നത് ഒരു ജുഡീഷ്യൽ പ്രക്രിയയാണ്. എന്നാൽ മീനാക്ഷി നടരാജനെതിരെ അത്തരമൊരു പ്രക്രിയ പോലും നടന്നിട്ടില്ല. ഒരു സ്വകാര്യ പരാതിയിൽ കോടതി നോട്ടിസ് മാത്രമേ ഇറക്കിയിട്ടുള്ളൂ. അപ്പോൾ വെളിപ്പെടുത്തേണ്ട ‘ക്രിമിനൽ കേസ്’ എവിടെ എന്നാണ് കോൺഗ്രസിന്റെ ചോദ്യം. ഇന്ത്യൻ നിയമവ്യവസ്ഥയും ഒരു ഹൈക്കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്’’ – അദ്ദേഹം പറഞ്ഞു.നടപടി ജനാധിപത്യ തിരഞ്ഞെടുപ്പിലെ തുല്യതയുള്ള കളിക്കളത്തെ തകർക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയെ തന്നെ ബാധിക്കുന്ന ഗുരുതര ലംഘനമാണെന്നും കോൺഗ്രസ് കമ്മിഷനെ അറിയിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കൂടിയായ ബുധനാഴ്ച തന്നെയാണ് കോൺഗ്രസ് പരാതിയുമായി എത്തിയത്. ‘‘സമയം ഇപ്പോഴും ഉണ്ട്. പൂർണമായും നിയമവിരുദ്ധവും തികച്ചും ഏകപക്ഷീയവുമായ ഈ ഉത്തരവ് ഉടൻ റദ്ദാക്കണം’’ – സിങ്‌വി ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.