Uncategorized

‘തരംതാഴ്ത്തി പറയുകയല്ല, പ്രശ്നങ്ങൾ നേരിട്ടറിയുന്ന ഒരാൾ വരണം’; വിജയിന്റെ വകുപ്പ് വിഭജനത്തിനെതിരെ നടൻ വിശാൽ

Spread the love

 

ചെന്നൈ∙ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പുതിയ മന്ത്രിസഭാ തീരുമാനങ്ങൾക്കെതിരെ പരസ്യവിമർശനവുമായി നടൻ വിശാൽ. ‘ഫിലിം ടെക്നോളജി ആൻഡ് സിനിമാറ്റോഗ്രാഫ് ആക്ട്’ വകുപ്പ് എഗ്‌മൂർ എംഎൽഎ രാജ്‌മോഹനു നൽകിയതിനെയാണ് വിശാൽ ചോദ്യം ചെയ്തത്. മേയ് 10ന് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത ഒൻപത് മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകിയതിനു പിന്നാലെയാണ് വിശാലിന്റെ പ്രതികരണം.സിനിമയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള മുഖ്യമന്ത്രി വിജയ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതായിരുന്നു കൂടുതൽ അനുയോജ്യമെന്ന് വിശാൽ എക്സിൽ കുറിച്ചു. തമിഴ് സിനിമാ മേഖല നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്‌മോഹനെ തരംതാഴ്ത്തി പറയുകയല്ലെന്നും എന്നാൽ സിനിമാ സംഘടനകളുടെയും നിർമാതാക്കളുടെയും പ്രശ്നങ്ങൾ നേരിട്ടറിയാവുന്ന ഒരാളാണ് ഈ പദവിയിൽ വരേണ്ടതെന്നും വിശാൽ വ്യക്തമാക്കി. തമിഴ് സിനിമാ വ്യവസായത്തെ രക്ഷിക്കാൻ മൂന്ന് ആവശ്യങ്ങളാണ് വിശാൽ മുഖ്യമന്ത്രി വിജയിന്റെ മുന്നിൽവച്ചത്.

∙ ജനങ്ങളുടെ ബാധ്യത കുറയ്ക്കുന്നതിനും സംസ്ഥാനത്തിനു വരുമാനം ലഭിക്കുന്നതിനുമായി സർക്കാർ മേൽനോട്ടത്തിൽ സിനിമ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുക.

 

∙ ‘ഒരു രാജ്യം ഒരു നികുതി’ എന്ന നയം നിലവിലുണ്ടായിട്ടും തമിഴ്‌നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്ന ഇരട്ട നികുതി സമ്പ്രദായം നിർത്തലാക്കുക

∙ കഴിഞ്ഞ ഒൻപത് വർഷമായി പരിഹരിക്കപ്പെടാത്ത ചെറുകിട ബഡ്ജറ്റ് സിനിമകൾക്കുള്ള സബ്‌സിഡി തുക വർധിപ്പിക്കുക

 

അതേസമയം, വിശാലിന്റെ പ്രസ്താവനയെ പരോക്ഷമായി വിമർശിച്ച് നടൻ അരുൺ വിജയ് രംഗത്തെത്തി. സർക്കാരിന്റെ ഉന്നത തീരുമാനങ്ങളിൽ ആരും ഇടപെടരുതെന്നും സിനിമാ മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി വിജയിക്ക് കൃത്യമായി അറിയാമെന്നും അരുൺ വിജയ് എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നും മുൻവിധികൾ ഇല്ലാതെ കാത്തിരുന്ന് ഫലം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച വിജയിക്കെതിരെ വിശാൽ പരസ്യമായി രംഗത്തെത്തുന്നത് സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.