Uncategorized

സ്‌കൂള്‍ വരാന്തകളില്‍ കെഎസ്‌യുവിന്റെ കൊടിപിടിച്ച് തുടങ്ങിയ രാഷ്ട്രീയം; എന്നും കോണ്‍ഗ്രസിന്റെ കാവല്‍ഭടന്‍ ; ചെന്നിത്തല ഇനി കേരളത്തിന്റെ ആഭ്യന്തര മന്ത്രി

Spread the love

 

കെഎസ്യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ കാവല്‍ഭടനിലേക്ക് വളര്‍ന്ന ചരിത്രമാണ് രമേശ് ചെന്നിത്തലയുടേത്. കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലേക്ക് പോയപ്പോഴൊക്കെയും ചെന്നിത്തല രക്ഷകന്റെ റോളിലെത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെ സീനിയോരിറ്റിയും നേതൃപാടവവും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പദം ആഗ്രഹിച്ച ചെന്നിത്തലക്ക് ഗ്രൂപ്പ് പോര് തിരിച്ചടിയായെങ്കിലും മുഖ്യ വകുപ്പുകള്‍ തന്നെയാണ് ലഭിച്ചത്. (Ramesh Chennithala Profile explained)

പ്രതിസന്ധിയിലായപ്പോഴൊക്കെ, ചെന്നിത്തലയുടെ ശുശ്രൂഷയില്‍ ഉയര്‍ത്തെണീറ്റിട്ടുണ്ട് കോണ്‍ഗ്രസ്. ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്ന്, കെ കരുണാകരന്‍ പാര്‍ട്ടി വിട്ട കാലമാണ്. ചെന്നിത്തല അന്ന് കെപിപിസിസി പ്രസിഡന്റ്. അതികായന്റെ ഇറങ്ങിപ്പോക്കില്‍ തളരുമെന്ന് കരുതിയ കോണ്‍ഗ്രസിനെ ചെന്നിത്തല കൈപിടിച്ചുയര്‍ത്തി. കൂട്ടിന് ഉമ്മന്‍ചാണ്ടിയും. അന്ന് പാകിയ അടിത്തറയാണ് ഇന്നും കോണ്‍ഗ്രസിന്റെ കരുത്ത്.1980ല്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍, 82ല്‍ എന്‍എസ്‌യുഐ ദേശീയ അധ്യക്ഷന്‍, ഇതേ വര്‍ഷം തന്നെ കരുണാകരന്‍ മന്ത്രിസഭയിലുമെത്തി. 28 -ാം വയസില്‍ മന്ത്രി എന്ന നിലയില്‍ നേടിയ നല്ലപേര്, ഇന്നും അതേപടി.

 

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഓപ്പറേഷന്‍ കുബേര, ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ് തുടങ്ങിയ പദ്ധതികളിലൂടെ പൊലീസിന് ജനകീയ മുഖം നല്‍കി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത 2016 മുതല്‍ 21 വരെയുള്ള കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ച്ചയായി വെല്ലുവിളികള്‍ സൃഷ്ടിച്ചു. സ്പ്രീംഗ്ലര്‍ വിവാദം മുതല്‍ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍,ലൈഫ് മിഷനിലെ ക്രമക്കേടുകള്‍ തുടങ്ങി ചെന്നിത്തല ഉയര്‍ത്തിയ വിഷയങ്ങള്‍ വിവാദക്കൊടുങ്കാറ്റായി.

 

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് കൂടിയായ ചെന്നിത്തല നിലവില്‍ മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന നേതാവ് കൂടിയാണ്. 1982ല്‍ തുടങ്ങിയ നിയമസഭാ യാത്ര 2026ലും തുടരുന്നു. ഇതുതന്നെ, ചെന്നിത്തലയുടെ രാഷ്ട്രീയ സീനിയോരിറ്റി. പക്ഷേ, മുഖ്യമന്ത്രി കസേര സ്വപ്നമായി ഒതുങ്ങി. മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കിലും, നേടിയെടുത്ത രണ്ട് വകുപ്പുകള്‍ മുഖ്യം തന്നെ. ആഭ്യന്തരവും വിജിലന്‍സും. ഗ്രൂപ്പ് പോരുകള്‍ക്കിടയിലും സീനിയോരിറ്റിക്ക് എഐസിസിസി നല്‍കിയ അംഗികാരം.