ബംഗാളിന് വാരിക്കോരി കേന്ദ്ര സർക്കാർ; 60 പുതിയ ട്രെയിൻ സർവീസുകൾ, ഡൽഹിയിൽ നിന്ന് ബുള്ളറ്റ് ട്രെയിൻ
കൊൽക്കത്ത ∙ ബംഗാളിന്റെ റെയിൽവേ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന 61 പ്രധാന പദ്ധതികൾക്ക് അംഗീകാരം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായ ബംഗാളിൽ ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ന്യൂഡൽഹിയെയും വടക്കൻ ബംഗാളിലെ സിലിഗുരിയെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ സർവീസാണ്. ലക്നൗ, വാരാണസി, പട്‌ന വഴി കടന്നുപോകുന്ന ബുള്ളറ്റ് ട്രെയിൻ വെറും ആറ് മണിക്കൂർ കൊണ്ട് ഈ ദൂരം പിന്നിടും. ഇതോടൊപ്പം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 60 പുതിയ ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.ബംഗാളിൽ പുതുതായി 538 ഫ്ലൈഓവറുകളും അണ്ടർപാസുകളും നിർമിക്കും. സംസ്ഥാനത്തെ 102 റെയിൽവേ സ്റ്റേഷനുകളെ അത്യാധുനിക സൗകര്യങ്ങളോടെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൊൽക്കത്ത മെട്രോയ്ക്ക് 60 പുതിയ റെയ്ക്കുകൾ അനുവദിക്കും. ബംഗാളിലെ ദാൻകുനിയെയും ഗുജറാത്തിലെ സൂറത്തിനെയും ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറ് ചരക്കുനീക്ക ഇടനാഴി യാഥാർഥ്യമാക്കും.
മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ കേന്ദ്ര പദ്ധതികളെ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും പോയി തടസപ്പെടുത്താൻ ശ്രമിച്ചതായും ബംഗാളിലെ ജനങ്ങൾക്ക് വികസനം നിഷേധിച്ചതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആരോപിച്ചു. തൃണമൂൽ ഭരണകാലത്ത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നും അത് പല പദ്ധതികളെയും സ്തംഭിപ്പിച്ചുവെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. എന്നാൽ ഇനി ജനങ്ങൾക്ക് ഡബിൾ എൻജിൻ സർക്കാരിന്റെ പൂർണ പ്രയോജനം ലഭിക്കുമെന്നും റെയിൽവേ വികസനത്തിനും ഭൂമി ഏറ്റെടുക്കൽ നടപടികൾക്കുമായി ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
