‘1971ലെ യുദ്ധത്തിൽ ഇന്ത്യയ്ക്ക് തെറ്റുപറ്റി; ചർച്ചാ മേശയിൽ പരാജയപ്പെട്ടു’
ഷിംല ∙ 1971ലെ യുദ്ധത്തിൽ ഇന്ത്യ യുദ്ധക്കളത്തിൽ വിജയം വരിച്ചെങ്കിലും ചർച്ചാ മേശയിൽ പരാജയപ്പെടുകയാണുണ്ടായതെന്ന് ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത. അന്നത്തെ സർക്കാരിന് സംഭവിച്ച ഗുരുതരമായ തെറ്റുകളുടെ ജീവിക്കുന്ന ഓർമപ്പെടുത്തലാണ് ഷിംല കരാർ ഒപ്പുവച്ച മേശയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗവർണറുടെ പരാമശം.‘‘നമ്മൾ യുദ്ധം ജയിച്ചു. എന്നാൽ മേശപ്പുറത്ത് അത് നമുക്ക് നഷ്ടമായി. ആ മേശ ഇന്നും ഷിംലയിലെ ലോക് ഭവനിൽ കിടപ്പുണ്ട്. അന്ന് സംഭവിച്ച തെറ്റുകളുടെ കടുത്ത ഓർമപ്പെടുത്തലായി’’– ഗവർണർ പറഞ്ഞു. ജനറൽ ജഗ്ജിത് സിങ് അറോറയുടെ നേതൃത്വത്തിൽ 90,000 ത്തിലധികം പാക്കിസ്ഥാൻ സൈനികരാണ് ഇന്ത്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയത്. അവരെ പൂർണമായി നിയന്ത്രണത്തിലാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ആ സമയത്ത് പാക്കിസ്ഥാനിൽ നിന്ന് എന്ത് ആവശ്യവും നേടിയെടുക്കാൻ ഇന്ത്യക്ക് സാധിക്കുമായിരുന്നുവെന്നും എന്നാൽ അവരെ വെറുതെ വിട്ടയക്കുകയാണ് ചെയ്തതെന്നും കവീന്ദർ ഗുപ്ത പറഞ്ഞു. പാക്കിസ്ഥാനെ നമ്മൾ രണ്ടായി പിളർത്തിയ നിമിഷമായിരുന്നു അത്. ഇത്രയും വലിയൊരു വിജയം കൈയ്യിലിരിക്കെ ഏത് ആവശ്യവും പാക്കിസ്ഥാൻ അംഗീകരിക്കുമായിരുന്നുവെന്നും അവിടെയാണ് നമുക്ക് തെറ്റുപറ്റിയതെന്നും കവീന്ദർ ഗുപ്ത പറയുന്നു. പാക്കിസ്ഥാൻ ഭീകരവാദം തുടർന്നാൽ ചരിത്രത്തിന്റെ ഭാഗമാകേണ്ടി വരുമെന്ന കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഗവർണറുടെ പരാമർശം.
