ചോദ്യപ്പേപ്പർ ചോർത്തിയത് ഗുരുഗ്രാമിലെ ഡോക്ടർ?; പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് പേപ്പർ കിട്ടി, രാജസ്ഥാനിൽ 2പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി∙ നീറ്റ് ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാനിലെ ജാംവ രാംഗഡിൽ നിന്നുള്ള സഹോദരങ്ങളായ മംഗിലാൽ, ദിനേഷ് ബിവൽ എന്നിവർ പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് ഗുരുഗ്രാമിലെ ഒരു ഡോക്ടറുടെ കയ്യിൽ നിന്ന് ചോദ്യപ്പേപ്പർ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ഏപ്രിൽ 26നാണ് ഇവർ ചോദ്യപ്പേപ്പർ വാങ്ങിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സഹോദരൻമാരിൽ ഒരാൾ പേപ്പർ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന തന്റെ മകന് ഏപ്രിൽ 29ന് കൈമാറി. സീകറിൽ നീറ്റ് പ്രവേശനപരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ഈ വിദ്യാർഥിയിൽ നിന്ന് ചോദ്യപ്പേപ്പർ കൂടുതൽ പേരിലേക്ക് എത്തി എന്നും അന്വേഷണസംഘം കണ്ടെത്തി.ഗുരുഗ്രാമിലെ ഡോക്ടറാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പ്രധാനകണ്ണിയെന്നാണ് അന്വേഷണസംഘം പറയുന്നത്. നാസിക്കിലെ പ്രിന്റിങ് പ്രസ്സിൽ നിന്നാകാം ചോദ്യപ്പേപ്പർ ചോർന്നതെന്നാണ് നിഗമനം. ഇവിടെ നിന്ന് ഡോക്ടർക്ക് ചോദ്യപ്പേപ്പർ കിട്ടി. പിന്നാലെ അദ്ദേഹം അത് പലർക്കും നൽകി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ സഹോദരന്മാരിൽ ഒരാളായ ദിനേഷും ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ കുടുംബത്തിലെ നാല് കുട്ടികൾ കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ പാസ്സായിരുന്നു.
