ഇറാന്റെ സൈനിക വിമാനത്തിന് അഭയം നല്‍കി പാക്കിസ്ഥാൻ; സാറ്റ്‍ലൈറ്റ് ചിത്രം പുറത്ത്
വാഷിങ്ടൻ ∙ യുഎസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ അവരുടെ വ്യോമത്താവളങ്ങളിൽ അനുമതി നൽകിയെന്ന വാർത്തയിൽ കൂടുതൽ സ്ഥിരീകരണം. ഇതിനെ സാധൂകരിക്കുന്ന സാറ്റ്‍ലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. പുറത്തുവന്ന ചിത്രങ്ങളിൽ പാക്കിസ്ഥാന്റെ നൂർഖാൻ വ്യോമത്താവളത്തിൽ നിർത്തിയിട്ട ഇറാന്റെ സി–130 വിമാനം കാണാം. ഇസ്‍ലാമാബാദിൽ നിന്ന് വെറും 10 കിലോമീറ്റർ മാത്രമാണ് ഈ വ്യോമത്താവളത്തിലേക്കുള്ളത്. യുഎസ്–ഇറാൻ സമാധാനചർച്ചകൾക്ക് മധ്യസ്ഥന്റെ റോളിലാണ് തങ്ങളെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുമ്പോഴാണ് ഈ ആരോപണം ഉയരുന്നത്.ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അനുമതി നൽകിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. പിന്നാലെ യുഎസ്–ഇറാൻ സംഘർഷത്തിൽ പാക്കിസ്ഥാന്റെ നയതന്ത്രപരമായ പങ്കിനെക്കുറിച്ച് യുഎസ് പുനർചിന്തനം നടത്തണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങൾ ഒരു മുതിർന്ന പാക്കിസ്ഥാൻ ഉദ്യോഗസ്ഥൻ തള്ളിയിരുന്നു. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ താവളത്തിൽ യുദ്ധവിമാനങ്ങൾ ഒളിപ്പിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
