പനങ്ങനാട് പാർക്കിലെ ചതുപ്പിൽ വീണ് 5 വയസുകാരൻ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം
പനങ്ങനാട് ജംഗിൾ പാർക്കിൽ അഞ്ചുവയസുകാരൻ ചതുപ്പിൽ വീണ് മരിച്ച സംഭവത്തിൽ കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം. പാർക്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയ ഭരണസമിതി രാജി വെക്കണമെന്നാണ് ആവശ്യം. പാർക്കിന്റെ മറവിലെ നികുതിവെട്ടിപ്പ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യമായ രേഖകളില്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്ന് കണ്ടെത്തി സെക്രട്ടറി കഴിഞ്ഞ ദിവസം പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു പാർക്കിന്‍റെ പ്രവർത്തിച്ചിരുന്നത്. അനധികൃത നിർമ്മാണവും പ്രവർത്തനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ് മെമ്മോ നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റിൽ വലിയ കളപ്പത്തറവീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും അഞ്ച് വയസുകാരനായ മകൻ മുഹമ്മദ് ആദം ജംഗിൾ പാർക്കിന്റെ ചതുപ്പിൽ വീണ് മരിച്ചത്. തമ്മനം പ്രീ സ്കൂളിലെ 25 അംഗസംഘം പാർക്ക് സന്ദർശിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ- സ്കൂളിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.
പാർക്കിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് അധ്യാപകരും ജീവനക്കാരും ചേർന്ന് തിരച്ചിൽ നടത്തി. തിരച്ചിലിനിടെ പാർക്കിന് സമീപത്തെ കുഴിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പുറത്തെടുത്ത കുട്ടിയെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
