അനോറ’യിലൂടെ ഒരു ചിത്രത്തിന് 4 ഓസ്കറുകൾ നേടുന്ന ആദ്യ വ്യക്തിയായി ഷോൺ ബേക്കർ
തൊണ്ണൂറ്റിയേഴാം ഓസ്കർ പുരസ്‌കാര വേദിയിൽ, അക്കാദമിയുടെ ചരിത്രത്തിൽ ഒരു ചിത്രത്തിന് ഏറ്റവും അധികം ഓസ്കർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന വ്യക്തിയായി ‘അനോറ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷോൺ ബേക്കർ. ഒറ്റ ചിത്രത്തിന് 4 ഓസ്കറുകൾ നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം കൈവരിച്ച ഷോൺ ബേക്കർ, ‘ഒരു രാത്രിയിൽ ഏറ്റവും അധികം ഓസ്കറുകൾ നേടിയെന്ന’ നേട്ടം പങ്കിടുന്നത് സാക്ഷാൽ വാൾട്ട് ഡിസ്‌നിയുമായിട്ടാണ്.
1954ൽ വിവിധ ചിത്രങ്ങൾക്കായിട്ടാണ് വാൾട്ട് ഡിസ്‌നി 4 ഓസ്കർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. ഇത്തവണ ഓസ്കറിൽ ഏറ്റവും തിളങ്ങിയ ചിത്രവും അനോറയായിരുന്നു. 6 നോമിനേഷനുകളിൽ 5 പുരസ്കാരവും അനോറ നേടിയെടുത്തു. മികച്ച നടിക്കുള്ള പുരസ്കാരം മൈക്കി മാഡിസൺ നേടിയപ്പോൾ, മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ചിത്ര സംയോജനം, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ ഷോൺ ബേക്കർ ഒറ്റയ്ക്ക് വാരിക്കൂട്ടി.
ഒരു റഷ്യൻ പ്രഭുവിന്റെ മകനുമായി പ്രണയബന്ധത്തിലേർപ്പെടുന്ന അനോറയെന്ന സെക്സ് വർക്കറിന്റെ കഥയാണ് അനോറയുടെ പ്രമേയം. വിവാഹിതരാകുന്ന കമിതാക്കളുടെ ഒന്നിച്ചുള്ള ജീവിതത്തിനു വിലങ്ങുതടിയായി പ്രഭു കുടുംബം എത്തുന്നതോടെ കഥ പുരോഗമിക്കുന്നു. വാൾട്ട് ഡിസ്‌നി ആനിമേറ്റഡ് സിനിമയാക്കിയ, സിൻഡ്രല്ല എന്ന നാടോടി കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഷോൺ ബേക്കർ അനോറ ഒരുക്കിയത്.
60 കോടി രൂപ മുതൽമുടക്കിലൊരുങ്ങിയ അനോറ മികച്ച ബോക്സോഫീസ് വിജയവും, നിരൂപക പ്രശംസയും നേടിയിരുന്നു. 13 നോമിനേഷനുകൾ ലഭിച്ച എമിലിയ പെരെസിന് കേവലം രണ്ട് പുരസ്കാരങ്ങൾ മാത്രമേ നേടാനായുള്ളു എന്നതും ശ്രദ്ധേയമാണ്.