Uncategorized

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം; ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക; തിരിച്ചടിച്ചുവെന്ന് ഇറാന്‍

Spread the love

 

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം. ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക. യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് മറുപടിയായാണ് ആക്രമണം.

യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു.

 

 

പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ 12.30 യോടെയാണ് അമേരിക്കന്‍ ആക്രമണം ഉണ്ടായത്. തീരദേശ നഗരമായ സിരിക്കിലും ഹോര്‍മുസ് പരിസരത്തുള്ള ബന്ദര്‍ അബ്ബാസിലും ഖഷാമിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി. അമേരിക്കയുടെ അപ്പാച്ചി അറ്റാക്ക് ഹെലികോപ്ടര്‍ ഇന്നലെ ഇറാന്‍ തകര്‍ത്തതിനു മറുപടിയായാണ് ആക്രമണം. ആക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഹെലികോപ്ടര്‍ തകര്‍ത്തതിന് അമേരിക്കന്‍ സൈന്യം മറുപടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍ര് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രസ്താവിച്ചിരുന്നു. ഹെലികോപ്ടര്‍ വെടിവച്ചിട്ടത് തങ്ങളല്ലെന്നാണ് ഇറാന്റെ വാദം. ഇറാനുമായി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കരാര്‍ സാധ്യമാകുമെന്ന് ഇന്നലെ ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുതിയ സംഭവ വികാസം.

 

അതേസമയം, അമേരിക്കന്‍ ആക്രമണത്തിന് മറുപടി നല്‍കിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. മേഖലയിലെ യു എസ് ലക്ഷ്യങ്ങള്‍ക്കു നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഐആര്‍ജിസി വ്യക്തമാക്കി. യുഎസ് ആക്രമണത്തിന് ശക്തമായ മറുപടി ലഭിക്കാതെ പോകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. സുരക്ഷിതമായിരിക്കണമെങ്കില്‍ ഇറാന്റെ മേഖല വിട്ടുപോകാനും അമേരിക്കയോട് അരഗ്ചി പറയുന്നു.