രാജ്യസഭ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തിയ നേതാക്കളെ തടഞ്ഞു
മധ്യപ്രദേശിലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളി. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പത്രികയിൽ നിന്ന് മറച്ചുവെച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിഷയം നേരിട്ട് സംസാരിക്കാൻ ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തിയ കോൺഗ്രസ് നേതാക്കളെ തടഞ്ഞു. മധ്യപ്രദേശിൽ ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കാണാനെത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തിയ ജയറാം രമേശിനെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. കോൺഗ്രസ് നേതാക്കളും സിഐഎസ്എഫ് തമ്മിൽ തർക്കമുണ്ടായി. ഒരാളെ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞു. കെ സി വേണുഗോപാലിനും ഭൂപേഷ് ഭാഗലിനും അകത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി.രണ്ട് അംഗങ്ങളെ ജയിപ്പിക്കാവുന്ന സംസ്ഥാനത്ത് ബിജെപി മൂന്നു സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ നിർത്തിയതാണ് കോൺഗ്രസ് ക്യാംപിൽ ആശങ്കയ്ക്കിടയാക്കിയിട്ടുള്ളത്. ജൂൺ 18 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിലെ 230 അംഗ അസംബ്ലിയിൽ നിലവിൽ 229 എംഎൽഎമാരാണുള്ളത്. ഭരണകക്ഷിയായ ബിജെപിക്ക് 164 എംഎൽഎമാരാണുള്ളത്. ഇതുപ്രകാരം രണ്ടു സീറ്റുകൾ അനായാസം വിജയിക്കാനാകും. എന്നാൽ മൂന്നാമതൊരു സ്ഥാനാർത്ഥിയെ കൂടി നിർത്തിയതോടെയാണ് മത്സരരംഗം മാറിയത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, പാർട്ടി സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ, മഹേഷ് കേവത്തി എന്നിവരാണ് ബിജെപിയുടെ ആദ്യ രണ്ടു സ്ഥാനാർത്ഥികൾ.
