അഖില വിമല്‍ ഇനി അവന്തിക ഭാരതി; നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു
നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസ ദീക്ഷ സ്വീകരിച്ചതായി സൂചന. അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു’ എന്നാണ് ഫേസ്ബുക്ക് കുറിപ്പ്. കാവിധരിച്ച് ഇരിക്കുന്ന അഖിലയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പുരാതന നാഗസന്ന്യാസി സമൂഹമായ ശ്രീപഞ്ച് ദശനാം ജൂനാ അഖാഡെയുടെ മഹാമണ്ഡലേശര്‍ പദവി സ്വീകരിച്ച മലയാളി ആനന്ദവനം ഭാരതിയേയും ചിത്രത്തില്‍ കാണാം. പ്രയാഗ്‌രാജിലെ കുംഭമേളയില്‍ വച്ചാണ് അഖില സന്യാസം സ്വീകരിച്ചത്.
കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. ഡല്‍ഹിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖില തുടര്‍പഠനത്തിനായി അമേരിക്കയിലേക്ക് പോയി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെലോഷിപ്പ് പൂര്‍ത്തിയാക്കി. നിലവില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഫുള്‍ബ്രൈറ്റ് ഡോക്ടറല്‍ ഫെലോ ആണ്.