Kerala

ആത്മ വിമർശനവുമായി കോൺഗ്രസ്; അധികാരത്തിൽ വരണമെങ്കിൽ നന്നായി പണിയെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല

Spread the love

നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ ആത്മ വിമർശനവുമായി കോൺഗ്രസ്. 2024 കേന്ദ്രത്തിൽ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസ് നന്നായി പണിയെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയെ വിശാല താൽപര്യത്തോടെ ഒന്നിച്ചു കൊണ്ടുപോകണമെന്നും ചെന്നിത്തലയുടെ വിമർശനം.

മധ്യപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗഡ് എന്നീ തിരഞ്ഞെടുപ്പുകളിലെ പരാജയം കോൺഗ്രസിനെ ചെറുതായി ഒന്നുമല്ല തളർത്തിയത്. പരാജയത്തിന് പിന്നാലെ ആത്മവിമർശനവുമായി കോൺഗ്രസിന്റെ വിവിധ നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാനുള്ള ശ്രമം നടത്തണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുന്നണിയിൽ ചെറിയ കക്ഷിയും വലിയ കക്ഷിയും ഉണ്ടാകും. എന്നാൽ വിശാല താൽപര്യത്തോടെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ മുന്നണിയിലെ ഘ കക്ഷികളെയും കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിച്ചില്ലെന്ന് വിമർശനമുയരുമ്പോഴാണ് ചെന്നിത്തലയുടെ പ്രതികരണം.

സിപിഐഎമ്മിന് സഖ്യത്തെക്കുറിച്ച് വിശാല കാഴ്ചപ്പാടില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. തെറ്റുകൾ തിരുത്തി പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് നിർത്തി മുന്നോട്ടുപോകും. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജയം അസാധ്യമല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.